ബെംഗലൂരു: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ (India vs Netherlands) തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 160 റണ്‍സുകള്‍ക്കാണ് ഇന്ത്യ ജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 410 റണ്‍സിന് മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 47.5 ഓവറില്‍ 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇന്ത്യയ്‌ക്കായി വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ഒഴികെയുള്ള മറ്റ് ഒമ്പത് താരങ്ങളും പന്തെറിഞ്ഞിരുന്നു. ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഇരട്ട വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) വിക്കറ്റ് വീഴ്‌ത്തിയത് ആരാധകരെ ആവേശത്തിലാക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായിരുന്നു മുഹമ്മദ് ഷമിക്ക് നെതര്‍ലന്‍ഡ്‌സിനെതിരെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ് (Mohammed Shami wicketless in India vs Netherland Cricket World Cup 2023 match).
ആറ് ഓവറുകള്‍ എറിഞ്ഞെങ്കിലും മുഹമ്മദ് ഷമിക്ക് (Mohammed Shami) വിക്കറ്റ് നല്‍കാതെ നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ പിടിച്ച് നിന്നു. 41 റണ്‍സ് വഴങ്ങിയ താരത്തിന് തന്‍റെ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയുമില്ല. ഇതിന് പിന്നാലെ താരത്തെ ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വിക്കറ്റ് നേടാന്‍ കഴിയാത്തതില്‍ ഷമിക്ക് പരിഭവമുണ്ടെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരെ വിക്കറ്റ് വീഴ്‌ത്തിയ ഇപ്പോഴത്തെ 'കൊമ്പത്തെ ബോളര്‍മാര്‍' തന്നെ സെമി ഫൈനലില്‍ ഇനി ന്യൂസിലന്‍ഡിനെതിരെയും പന്തെറിയട്ടെ എന്നാവും ഷമിയുടെ മനസിലുണ്ടാവുക എന്നാണ് ട്രോള്‍.