ധര്‍മ്മശാല:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്നതിന് ശേഷാണ് ന്യൂസിലന്‍ഡിനെതിരായ (India vs New Zealand) മത്സരത്തില്‍ പേസര്‍ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിലെത്തിയത്. ലഭിച്ച അവസരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്താനും മുഹമ്മദ് ഷമിയ്‌ക്ക് കഴിഞ്ഞു (Mohammed Shami Picks Wicket on First Ball of Cricket World Cup 2023).
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് എട്ട് ഓവര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഷമിയെ പന്തേല്‍പ്പിക്കുന്നത്. ഷമിയുടെ ആദ്യ പന്തില്‍ വില്‍ യങ്ങാണ് (Will Young) വീണത്. താരത്തിന്‍റെ ബാറ്റിന്‍റെ ഇൻസൈഡ് എഡ്ജിൽ തട്ടിയ പന്ത് സ്‌റ്റംപിളക്കുകയായിരുന്നു.
തന്‍റെ രണ്ടാം ഓവറിലും ഷമിയ്‌ക്ക് വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ രചിന്‍ രവീന്ദ്ര (Rachin Ravindra) നല്‍കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ (Ravindra Jadeja) നിലത്തിടുകയായിരുന്നു. പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജഡേജ രചിന്‍റെ ക്യാച്ച് പാഴാക്കിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ഒപ്പം മുഹമ്മദ് സിറാജ് സ്ഥിരക്കാരനായതോടെയാണ് മുഹമ്മദ് ഷമിയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നത്.
അതേസമയം കിവീസിനെതിരെ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തിയതോടെയാണ് ഷമിയ്‌ക്ക് പ്ലേയിങ് ഇലവനില്‍ ഇറങ്ങാനായത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒപ്പം ശാര്‍ദുല്‍ താക്കൂറിനും ടീമില്‍ സ്ഥാനം നഷ്‌ടമായപ്പോള്‍ ഷമിയും സൂര്യകുമാര്‍ യാദവുമാണ് ടീമിലെത്തിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു.