മുംബൈ :ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യയുടെ പ്രകടനവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണയാണ് പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ (Hasan Raza) വിവാദ ആരോപണങ്ങളുന്നയിച്ചത്. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പ്രത്യേക പന്തുകള്‍ നല്‍കുന്നുവെന്നായിരുന്നു ഇതില്‍ ആദ്യത്തേത്.
ഇന്ത്യന്‍ ബോളര്‍മാര്‍ എറിയുന്ന പന്തിന്‍റെ ഒരു വശത്ത് അധിക തിളക്കമുണ്ട്. അതിനാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ്ങും സീമും ലഭിക്കുന്നു. ഐസിസി ആണോ ബിസിസിഐ ആണോ അതോ തേര്‍ഡ് അമ്പയറാണോ ഇന്ത്യയെ സഹായിക്കുന്ന രീതിയിലുള്ള പന്തുകള്‍ നല്‍കുന്നതെന്ന് അറിയില്ല. എന്തുതന്നെ അയാലും ഇന്ത്യയ്‌ക്ക് എറിയുന്ന പന്തുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു ഹസന്‍ റാസ പറഞ്ഞത്.
റാസയുടെ ഈ വാക്കുകള്‍ക്ക് പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രം (Wasim Akram) തന്നെ മറുപടി നല്‍കിയിരുന്നു. ഇത്തരം പരാമര്‍ശങ്ങളുമായി പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ നാണം കെടുത്തരുതെന്നായിരുന്നു താരം പറഞ്ഞത്. ഇതിനുശേഷം അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് പന്ത് തിരഞ്ഞെടുക്കുന്ന രീതി വിശദീകരിച്ച അക്രം ഇന്ത്യന്‍ ബോളര്‍മാരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ തന്‍റെ ആരോപണങ്ങള്‍ നിര്‍ത്താന്‍ റാസ തയ്യാറായിരുന്നില്ല. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തതിന് പിന്നാലെ ഇന്ത്യ ഡിആര്‍എസില്‍ തിരിമറി നടത്തിയെന്നായിരുന്നു പാകിസ്ഥാന്‍ മുന്‍ താരത്തിന്‍റെ ആരോപണം. ബ്രോഡ്‌കാസ്റ്റേഴ്‌സിന്‍റെ സഹായത്തോടെ ആതിഥേയര്‍ ഡിആര്‍എസ് തീരുമാനങ്ങള്‍ എല്ലാം തന്നെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നുവെന്നായിരുന്നു റാസ പറഞ്ഞത്.