ഇസ്‌ലാമാബാദ്: ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ്. ഇക്കാരണത്താല്‍ കടുത്ത വിമര്‍ശനങ്ങളാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) പല കോണുകളില്‍ നിന്നും നേരിടുന്നത്. ഇപ്പോഴിതാ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നത് ബാബര്‍ അസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) കണ്ട് പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് ഹഫീസ്.
ബാബര്‍ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കണമെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു. "ഈ ലോകകപ്പിൽ ബാബർ അസം പാകിസ്ഥാന്‍റെ ക്യാപ്റ്റനാണ്. ജനങ്ങൾ ബാബറിനെ പിന്തുണയ്ക്കണം. അവനും മെച്ചപ്പെടേണ്ടതുണ്ട്. മികച്ച പ്രകടനവും ആക്രമണോത്സുകതയും കാണിക്കണം. മുന്നില്‍ നിന്നും നയിക്കുന്നു എന്നതാണ് രോഹിത് ശര്‍മയുടെ വിജയം. ബാബറും അതുതന്നെ ചെയ്യേണ്ടതുണ്ട്", മുഹമ്മദ് ഹഫീസ് പറഞ്ഞു.
ഇതിഹാസങ്ങളുമായുള്ള താരതമ്യം വേണ്ട:ബാബർ അസമിനെ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഹഫീസ് ആരാധകരോട് അഭ്യർഥിച്ചു. "ഒരു കളിക്കാരനെന്ന നിലയിൽ ബാബർ അസം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. എന്നാല്‍ ആളുകൾ അവനിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും തീര്‍ത്തും നിർഭാഗ്യകരമാണ്.
അവൻ വളരെ മികച്ച കളിക്കാരനാണ്. നിലവിൽ പാകിസ്ഥാനിലെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നിരുന്നാലും, ബാബറിനെ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുന്നത് അനീതിയാണ്. ബാബറിനെ ഇതിഹാസമെന്ന് വിളിക്കുന്ന ആളുകൾ കളിയിലെ യഥാർത്ഥ ഇതിഹാസങ്ങളെ കണ്ടിട്ടില്ല. ബാബര്‍ ഇതിഹാസമല്ല, ഇനിയും അവൻ ഒരുപാട് കാര്യങ്ങള്‍ തെളിയിക്കണം", മുഹമ്മദ് ഹഫീസ് വ്യക്തമാക്കി.