പൂനെ:തിരിച്ചടിയും തിരിച്ചുവരവും ഒരുപോലെ കടന്നെത്തിയതോടെ നാടകീയമായി ഏകദിന ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ടോസ് നഷ്‌ടപ്പെട്ട് ഫീല്‍ഡിങിനിറങ്ങിയ ഇന്ത്യക്ക് പവര്‍പ്ലേയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല എന്നുമാത്രമല്ല, നിര്‍ണായകമായൊരു ബ്രേക്ക് ത്രൂ കണ്ടെത്താന്‍ പോലും ഇന്ത്യന്‍ ബൗളിങ് ബുദ്ധിമുട്ടി. ഇതിനിടയിലാണ് സ്‌റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെ കൂടി ടീം ഇന്ത്യയ്‌ക്ക് നഷ്‌ടമാകുന്നത്.
ഹാര്‍ദിക് പുറത്തേക്ക്:തന്‍റെ ആദ്യ ഓവര്‍ എറിയുന്നതിനിടെയാണ് ഹാര്‍ദികിന് പരിക്കേല്‍ക്കുന്നത്. ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസ് തൊടുത്ത സ്ട്രൈറ്റ് ഡ്രൈവ് തന്‍റെ വലതുകാല്‍ കൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാര്‍ദികിന് പരിക്കേല്‍ക്കുന്നത്. കണങ്കാല്‍ വളഞ്ഞതോടെ അടിവയ്‌ക്കാന്‍ പോലും ബുദ്ധിമുട്ടിയ താരത്തിന് ഉടന്‍ തന്നെ ടീം ഫിസിയോ എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് ഹാര്‍ദിക് എഴുന്നേറ്റ് നിന്ന് നടക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതോടെ താരവുമായി ഫിസിയോ പുറത്തേക്ക് പോവുകയായിരുന്നു.
ബൗളറായി തിളങ്ങി കോഹ്‌ലി:ഇതിനോടകം താരത്തിന്‍റെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ എറിയുന്നതിനായി ടീമിന് മറ്റൊരാളെ കണ്ടെത്തേണ്ടതായി ഉണ്ടായിരുന്നു. ഈ ഉത്തരവാദിത്തം മുന്‍ നായകനും സ്‌റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി ഏറ്റെടുത്തു. സാധാരണമായി ബോളിങില്‍ കൈവയ്‌ക്കാറില്ലാത്ത കോഹ്‌ലി ഇതോടെ റൈറ്റ് ആം മീഡിയം പേസറായി. ഈ മൂന്ന് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. പന്തെറിയാനെത്തിയ കോഹ്‌ലിയെ ആരാധകര്‍ നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്. ഇതിനോടകം ഹാര്‍ദികിന് പകരക്കാരനായി സൂര്യകുമാര്‍ യാദവ് ഫീല്‍ഡിങില്‍ സ്ഥാനമുറപ്പിച്ചിരുന്നു.
രാഹുല്‍ എന്ന 'പറവ':ഈ സമയത്തും ഇന്ത്യ നിര്‍ണായകമായൊരു വിക്കറ്റിന് കാത്തിരിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ 15 ആം ഓവറിലെ നാലാം പന്തില്‍ കുല്‍ദീപ് യാദവ് തന്‍സിദ് ഹസനെ പുറത്താക്കിയതോടെ ബംഗ്ല നിരയിലെ ആദ്യ വിക്കറ്റ് വീണു. എന്നാല്‍ ഇതിനോടകം 43 പന്തുകളില്‍ നിന്നായി താരം 51റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 20 ആം ഓവറില്‍ നായകന്‍ നജ്‌മുല്‍ ഹസന്‍ ഷാന്‍റോയെ (8) ജഡേജ മടക്കിയെങ്കിലും കിടിലനൊരു വിക്കറ്റ് കാണാന്‍ ആരാധകര്‍ക്ക് അല്‍പസമയം കൂടി കാത്തിരിക്കേണ്ടതായി വന്നു.
അങ്ങനെ 25 -ാം ഓവറില്‍ മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ മെഹിദി ഹസന്‍ മിറാസിനെ പറവയെ പോലെ പറന്ന് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ പുറത്താക്കുമ്പോഴായിരുന്നു ഇത്. ഒരുപക്ഷേ ക്രീസില്‍ അധികസമയം നിന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ വലിയ ചലനമുണ്ടാക്കാന്‍ കെല്‍പ്പുണ്ടായിരുന്ന മെഹിദിയെയാണ് രാഹുല്‍ തന്‍റെ അസാമാന്യ ക്യാച്ചിലൂടെ തിരികെ കയറ്റിയത്.