മുംബൈ :ലോകകപ്പിലെ സെമി പോരാട്ടങ്ങളിലെ കാലിടറല്‍ മറികടന്ന് ഇന്ത്യ ഫൈനലില്‍. മുന്‍ ലോകകപ്പില്‍ സെമിയില്‍ പൂട്ടിട്ട ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിലേക്ക് പടയോട്ടം നടത്തിയത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പടെ പരാജയത്തിന്‍റെ മണം പോലും ഏല്‍ക്കാതെയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നിര കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുക്കുന്നത് എന്ന സവിശേഷതയും ഇത്തവണയുണ്ട്.
ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മ തുടങ്ങിവച്ച വെടിക്കെട്ട്, ഒപ്പവും പിന്നാലെയുമെത്തിയ ശുഭ്‌മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ഏറ്റുപിടിച്ചതോടെ നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 397 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ ഓടിക്കയറുകയായിരുന്നു. ഇതിനൊപ്പം വിരാട് കോഹ്‌ലിയുടെ ചരിത്രത്തിലേക്കുള്ള സെഞ്ചുറിയും ശ്രേയസിന്‍റെ വെടിച്ചില്ല് സെഞ്ചുറിയും ഗില്ലിന്‍റെ സെഞ്ചുറിയോളം പോന്ന ഇന്നിങ്‌സും ടീമിന് കരുത്തായി. തുടര്‍ന്ന് ബോളിങ്ങിലേക്ക് കടന്നപ്പോള്‍ മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുംറയും നിറം മങ്ങിയെങ്കിലും മുഹമ്മദ് ഷമി ഹീറോയായി. ഫീല്‍ഡിങ്ങില്‍ രവീന്ദ്രജാലവും കൂടിയായതോടെ ഇന്ത്യ വിജയം ഭദ്രമാക്കുകയായിരുന്നു.
തുടക്കം അടിപതറി: ഇന്ത്യയുയര്‍ത്തിയ ഭീമന്‍ വിജയലക്ഷ്യം മറികടക്കാന്‍ കിവീസിനായി ഓപ്പണര്‍മാരായ ഡേവണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയുമാണ് ആദ്യമായി ക്രീസിലെത്തിയത്. ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഡേവണ്‍ കോണ്‍വേ തങ്ങളുടെ ലക്ഷ്യവും വിജയം തന്നെയാണെന്ന് ഓര്‍മപ്പെടുത്തി. കോണ്‍വേ-രചിന്‍ കൂട്ടുകെട്ട് താളം കണ്ടെത്തി തുടങ്ങും മുമ്പേ മുഹമ്മദ് ഷമി ആ ഓട്ടത്തിന് തടയിട്ടു. തന്‍റെ ഓവറിലെ ആദ്യ പന്തില്‍ കോണ്‍വേയെ (13) വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചായിരുന്നു ഈ നിര്‍ണായക ബ്രേക്ക് ത്രൂ.
തൊട്ടടുത്ത ഓവറിലെത്തി രചിന്‍ രവീന്ദ്രയെ (13) മടക്കി ഷമി വീണ്ടും കരുത്തുകാട്ടി. രാഹുലിന്‍റെ കൈകളിലൊതുങ്ങി തന്നെയായിരുന്നു ന്യൂസിലാന്‍ഡിന്‍റെ ഭാഗ്യ ബാറ്ററുടെ മടക്കവും. എന്നാല്‍ പിന്നാലെയെത്തിയ ന്യൂസിലാന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും ഡാരിൽ മിച്ചലും ചേര്‍ന്ന് ന്യൂസിലാന്‍ഡിനെ താങ്ങിനിര്‍ത്തി. പേസര്‍മാരായ ബുംറയെയും സിറാജിനെയും കണക്കിന് കൊട്ടിയ ഇരുവരും സ്‌പിന്നില്‍ മാന്ത്രികത കാണിക്കുന്ന ജഡേജയെയും കുല്‍ദീപിനെയും പലതവലണ ബൗണ്ടറി കാണിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്‍റെ സ്‌കോര്‍കാര്‍ഡ് വണ്ണം വച്ച് തുടങ്ങി.
ഉയര്‍ന്നുപറക്കാനൊരുങ്ങി കിവികള്‍: 39 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ പകച്ചുനിന്ന കിവീസ് സ്‌കോര്‍ബോര്‍ഡിനെ അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും കാണിച്ച ശേഷമാണ് ഇവരിലൊരാളായ കെയ്‌ന്‍ വില്യംസണ്‍ മടങ്ങുന്നത്. ന്യൂസിലാന്‍ഡ് നായകനെ മടക്കാനും ഷമി തന്നെ ഇറങ്ങേണ്ടതായി വന്നു. 73 പന്തില്‍ 69 റണ്‍സുമായി നിന്ന വില്യംസണെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചാണ് ഷമി പവലിയനിലേക്കുള്ള വഴി കാണിച്ചത്. എന്നാല്‍ ഈ സമയം അപകടകാരിയായി മാറിയിരുന്ന ഡാരിൽ മിച്ചല്‍ മികച്ചൊരു പങ്കാളിയെ തേടുകയായിരുന്നു. എന്നാല്‍ വില്യംസണ് പിന്നാലെയെത്തിയ ടോം ലാഥം സംപൂജ്യനായി മടങ്ങിയതോടെ ഈ ആശ നീണ്ടു.
തോല്‍വിയിലും നായകനായി മിച്ചല്‍: എന്നാല്‍ പിറകെയെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് മിച്ചലിന്‍റെ മനമറിഞ്ഞ് ബാറ്റ് വീശിയതോടെ ന്യൂസിലാന്‍ഡ് വീണ്ടും ഇന്ത്യയ്‌ക്ക് സെമി ശാപം തീര്‍ക്കുമോ എന്ന പ്രതീതിയും ഉയര്‍ന്നു. എന്നാല്‍ നേരിട്ട 33 പന്തില്‍ 41 റണ്‍സുമായി നിന്ന ഫിലിപ്‌സിനെ മടക്കി ബുംറ ഇന്ത്യയ്‌ക്ക് താല്‍കാലിക ആശ്വാസമെത്തിച്ചു. പിന്നാലെയെത്തിയ മാര്‍ക് ചാപ്‌മാന്‍ (2), മിച്ചല്‍ സാന്‍റ്‌നര്‍ (9), ടിം സൗത്തി (9), ട്രെന്‍ഡ് ബോള്‍ട്ട് (2), ലോക്കി ഫെര്‍ഗുസന്‍ (6) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങിയതോടെ 119 പന്തില്‍ 134 റണ്‍സ് ടീം സ്‌കോറിന് സംഭാവന ചെയ്‌ത ഡാരില്‍ മിച്ചലിന്‍റെ ഇന്നിങ്‌സ് വിഫലമായി. ഏകദിന ലോകകപ്പിലെ തന്നെ ഏറ്റവും ദൂരം കൂടിയ സിക്‌സ് ഉള്‍പ്പടെ ഏഴ് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമടങ്ങിയതായിരുന്നു മിച്ചലിന്‍റെ ഇന്നിങ്‌സ്.
ഷമി അഥവാ ഹീറോ:അതേസമയം ന്യൂസിലാന്‍ഡിന്‍റെ നടുവൊടിച്ചത് മുഹമ്മദ് ഷമിയുടെ ബോളിങ്ങായിരുന്നു. ഇരുപക്ഷത്തും ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഏഴ് വിക്കറ്റുകളായിരുന്നു ഷമി നേടിയത്. ഇതോടെ നിലവിലെ ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം വിക്കറ്റ് കൊയ്‌ത ബൗളറായി ഷമി മാറി. മാത്രമല്ല, സഹീര്‍ ഖാനെ പിന്തള്ളി ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം, ഒരു ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം തുടരുന്ന താരം എന്നിങ്ങനെ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്ത ഷമി, കളിയിലെ താരവുമായി. ഷമിയെ കൂടാതെ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയ്‌ക്കായി ഓരോ വിക്കറ്റുകളും വീഴ്‌ത്തി.