കേരളം

kerala

ETV Bharat / sports

India vs Pakistan Match Preview : ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍, നിര്‍ണായക അങ്കത്തില്‍ വിജയം ആര്‍ക്കൊപ്പം ?, ആരാധകര്‍ ആവേശത്തില്‍ - രോഹിത് ശര്‍മ

India vs Pakistan Match Preview Cricket World Cup 2023 : പാകിസ്ഥാനെതിരെ 100 ശതമാനം വിജയമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കുള്ളത്. ഏഴ് പ്രാവശ്യം തമ്മിലേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

cricket world cup 2023  india vs pakistan  india vs pakistan cricket world cup 2023  india vs pakistan world cup match  india vs pakistan match preview  india vs pakistan world cup match news  rohit sharma  babar asam  virat kohli  ഇന്ത്യ പാകിസ്ഥാന്‍  ഇന്ത്യ പാകിസ്ഥാന്‍ ലോകകപ്പ് മത്സരം  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  വിരാട് കോലി  രോഹിത് ശര്‍മ  ബാബര്‍ അസം
India vs Pakistan Match

By ETV Bharat Kerala Team

Published : Oct 13, 2023, 8:54 PM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ (India vs Pakistan Match Preview Cricket World Cup 2023). അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 14ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് മത്സരം ആരംഭിക്കുക. ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ഇരുടീമുകളും രണ്ടിലും വിജയം നേടിയ ആത്മവിശ്വാസത്തിലാകും നാളെ ഇറങ്ങുക.

മുന്നോട്ടുപോക്കില്‍ എല്ലാ മത്സരങ്ങളും നിര്‍ണായകമാണെന്നിരിക്കെ വലിയ പോരാട്ടം തന്നെയാകും ഇന്ത്യയും പാകിസ്ഥാനും നാളത്തെ മത്സരത്തില്‍ കാഴ്‌ചവയ്‌ക്കുക. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യ ഇതുവരെ കാഴ്‌ചവച്ചിട്ടുളളത്. നായകന്‍ രോഹിത് ശര്‍മ അഫ്‌ഗാനിസ്ഥാനെതിരെയുളള മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച് തിരിച്ചുവരവ് നടത്തി. നാളത്തെ കളിയിലും മധ്യനിര ബാറ്റര്‍മാരില്‍ ഇന്ത്യയ്‌ക്ക് വലിയ ആത്മവിശ്വാസമാണുളളത്. മൂന്നാമനായി വിരാട് കോലി ലോകകപ്പിലും തന്‍റെ മിന്നും ഫോമുമായി കളം നിറയുകയാണ്. ഓസീസിനെതിരായ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിലൂടെ കിങ് കോലി വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ കയ്യടി നേടി.

എഷ്യ കപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച കെഎല്‍ രാഹുലും അഞ്ചാം നമ്പറില്‍ തന്‍റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് ലോകകപ്പിലും കാഴ്‌ചവയ്‌ക്കുന്നത്. ഓസീസിനെതിരായ ആദ്യ കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും അഫ്‌ഗാനെതിരായ മത്സരത്തില്‍ കോലിക്കൊപ്പം ഫിനിഷിങ് നടത്തിയ ശ്രേയസ് അയ്യരും ലോകകപ്പില്‍ തന്‍റെ വരവറിയിച്ചിട്ടുണ്ട്. നാലാം നമ്പറില്‍ പാകിസ്ഥാനെതിരെയും ഇന്ത്യയുടെ വിശ്വസ്‌തനാണ് ശ്രേയസ് അയ്യര്‍.

നാളത്തെ കളിയില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ടീം ഇലവനില്‍ സ്ഥാനം ഉറപ്പാണെങ്കിലും മൂന്നാം ഓള്‍റൗണ്ടറായി ആര് ടീമിലെത്തുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ആദ്യ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ശാര്‍ദുല്‍ താക്കൂറാണ് മൂന്നാം ഓള്‍റൗണ്ടറായി ഇറങ്ങിയത്. പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ ഇവരില്‍ ആരെ കളിപ്പിക്കും എന്നറിയാന്‍ ആകാംക്ഷയിലാണ് എല്ലാവരും. പ്രധാന സ്‌പിന്നറായി കുല്‍ദീപ് യാദവും പേസ് ബോളര്‍മാരായി ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജും നാളത്തെ മത്സരത്തില്‍ ഉറപ്പാണ്.

ഡെങ്കിപ്പനി കാരണം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കാനുളള സാധ്യതകള്‍ കൂടുതലാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം റെഡിയാണെന്ന പ്രസ്‌താവനയുമായി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു.

അതേസമയം പാകിസ്ഥാന്‍ ടീമില്‍ നായകന്‍ ബാബര്‍ അസമിന്‍റെ ഫോമാണ് പ്രധാന ആശങ്ക. നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്‌ക്കുമെതിരായ മത്സരങ്ങളില്‍ ബാബര്‍ നിരാശപ്പെടുത്തിയിരുന്നു. മോശം പ്രകടനങ്ങള്‍ തുടരവെ നാളെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ബാബര്‍ അസം ശ്രദ്ധേയ പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍, ഓപ്പണര്‍ അബ്‌ദുളള ഷഫീഖ് എന്നിവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ച്വറികളും അര്‍ധസെഞ്ച്വറിയും നേടി ലോകകപ്പില്‍ തങ്ങളുടെ മികവ് കാണിച്ചുതന്നു. ബോളര്‍മാരില്‍ ഷഹീന്‍ ആഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദാബ് ഖാന്‍ ഉള്‍പ്പടെയുളളവരിലാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ.

പാകിസ്ഥാനെതിരെ 100 ശതമാനം വിജയമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഏഴ് പ്രാവശ്യം തമ്മിലേറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. 1992ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വച്ചായിരുന്നു ആദ്യമായി ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. അന്ന് 43 റണ്‍സിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്. 2019ല്‍ മാഞ്ചസ്റ്ററിലായിരുന്നു ഇന്ത്യ പാക് ലോകകപ്പ് മത്സരം ഒടുവില്‍ നടന്നത്. ഈ കളിയില്‍ 89 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ ജയം.

ABOUT THE AUTHOR

...view details