അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ (India vs Pakistan Highlights). ബോളര്‍മാരുടെ മികവില്‍ പാകിസ്ഥാനെ 191 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത്. 63 പന്തുകളില്‍ നിന്നും 86 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചെടുത്തത്.
അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (53), കെഎല്‍ രാഹുലും(19) പുറത്താവാതെ ഇന്ത്യയ്‌ക്കായി ഫിനിഷിങ് നടത്തി. ശുഭ്‌മാന്‍ ഗില്‍ (11 പന്തില്‍ 16), വിരാട് കോലി (18 പന്തില്‍ 16) എന്നിവരെ വേഗം മടക്കാനായെങ്കിലും രോഹിത് ഒരറ്റത്ത് നിലയുറപ്പിച്ചതോടെ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉയര്‍ത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഷഹീന്‍ അഫ്രീദിയുടെ ആദ്യപന്തില്‍ തന്നെ ബൗണ്ടറിയടിച്ച രോഹിത് നയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഇന്ത്യയ്‌ക്ക് ഗില്ലിനെ നഷ്‌ടമായി.
ഷഹീന്‍റെ പന്തില്‍ ഷദാബ് ഖാൻ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. ആദ്യ വിക്കറ്റില്‍ 23 റണ്‍സാണ് രോഹിത്-ഗില്‍ സഖ്യം ചേര്‍ത്തത്. കോലിയുമായി ചേര്‍ന്ന് രോഹിത് 56 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 10-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കിയാണ് കോലി തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ മികച്ച രീതിയിലാണ് കളിച്ചത്. 14-ാം ഓവറില്‍ ഇന്ത്യ നൂറ് പിന്നിട്ടപ്പോള്‍ 36 പന്തുകളില്‍ നിന്നും രോഹിത് അര്‍ധ സെഞ്ചുറി തികച്ചിരുന്നു.
വമ്പന്‍ ഹിറ്റുകള്‍ നടത്തിയ രോഹിത്തിന് ശ്രേയസ് കട്ടപിന്തുണ നല്‍കിയതോടെ 21-ാം ഓവറില്‍ ഇന്ത്യ 150 റണ്‍സും കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത്തിനെ ഇഫ്‌തിഖര്‍ അഹമ്മദിന്‍റെ കയ്യില്‍ എത്തിച്ച ഷഹീന്‍ അഫ്രീദി പാകിസ്ഥാന് ആശ്വാസം നല്‍കി. ആറ് വീതം ഫോറുകളും സിക്‌സുകളുമടങ്ങിയതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് രോഹിത്തും ശ്രേയസും കണ്ടെത്തിയത്.
രോഹിത് പുറത്തായതിന് പിന്നാലെ ഇറങ്ങിയ കെഎല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുളള 36 റണ്‍സ് കൂട്ടുകെട്ട് ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് വീണ്ടും വിജയം സമ്മാനിച്ചു. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശ്രേയസ് പിന്നീടുളള രണ്ട് മത്സരങ്ങളിലും ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തിയത്.
അതേസമയം മത്സരത്തില്‍ ഒരു മെയ്‌ഡന്‍ ഉള്‍പ്പെടെ ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മുഹമ്മദ് റിസ്‌വാനെയും ഷദാബ് ഖാനെയുമാണ് ബൗള്‍ഡാക്കി ബുംറ പവലിയനിലേക്ക് മടക്കിയത്. ബുംറയ്‌ക്ക് പുറമെ ഇന്ത്യയുടെ ബോളര്‍മാരെല്ലാം ഇന്ന് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
മുഹമ്മദ് സിറാജ് എട്ട് ഓവറില്‍ 50 റണ്‍സ് വഴങ്ങിയെങ്കിലും പാക് ഓപ്പണര്‍ ഷഫീഖിന്‍റെയും നായകന്‍ ബാബര്‍ അസമിന്‍റെയും വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ബുംറയ്‌ക്കും സിറാജിനും പുറമെ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും മത്സരത്തില്‍ രണ്ട് വിക്കറ്റ് വീതം നേടി.