മുംബൈ:ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ആദ്യ സെമി ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ ന്യൂസിലന്‍ഡിന് ബോളിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു (India vs New Zealand Toss Report). നെതര്‍ലന്‍ഡ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ശ്രീലങ്കയ്‌ക്ക് എതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണും (Kane Williamson) അറിയിച്ചു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (സി), ഡാരിൽ മിച്ചൽ, മാർക്ക് ചാപ്‌മാൻ, ഗ്ലെൻ ഫിലിപ്‌സ്, ടോം ലാഥം, മിച്ചൽ സാന്‍റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.
ന്യൂസിലന്‍ഡിനോട് തീക്കാന്‍ ചില കണക്കുകള്‍ ഇന്ത്യയ്‌ക്ക് ബാക്കിയുണ്ട്. കഴിഞ്ഞ ലോകകപ്പിന്‍റെ സെമി ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഥമ ഫൈനലിലും ഇന്ത്യയെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചിരുന്നു. 2019-ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോർഡില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു കിവികള്‍ ഇന്ത്യയെ വീഴ്‌ത്തിയത്.
തുടര്‍ന്ന് 2021-ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റുകള്‍ക്കും കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചു. ഈ കണക്ക് വീട്ടി കടം തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് വാങ്കഡെയില്‍ ഇന്ന് ഇന്ത്യയ്‌ക്ക് മുന്നിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്.