മുംബൈ: ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 397 റണ്‍സാണ് ആതിഥേയര്‍ അടിച്ച് കൂട്ടിയത് (India vs New Zealand Score Updates). ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന ചരിത്ര സെഞ്ചുറിയുമായി വിരാട് കോലിയും (Virat Kohli hit Century) ഈ ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറിയുമായി കളം നിറഞ്ഞ ശ്രേയസ് അയ്യരും (Shreyas Iyer hit Century) ചേര്‍ന്നാണ് ഇന്ത്യയെ ഹിമാലയന്‍ സ്‌കോറിലേക്ക് നയിച്ചത്.
മുംബൈയിലെ വാങ്കഡെയില്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കൊളുത്തിയ തീയില്‍ കോലിയും ശ്രേയസും ചേര്‍ന്ന് ആളിപ്പടരുകയായിരുന്നു. വിരാട് കോലി 113 പന്തില്‍ 117 റണ്‍സും ശ്രേയസ് അയ്യര്‍ 70 പന്തില്‍ 105 റണ്‍സുമാണ് അടിച്ച് കൂട്ടിയത്. ഗില്ലിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിയും ടീമിന് മുതല്‍ക്കൂട്ടായി. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കായി മിന്നും തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. കിവീസിന്‍റെ പ്രീമിയം പേസര്‍ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികളടിച്ച് രോഹിത് നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറില്‍ ടിം സൗത്തിയ്‌ക്കെതിരെ ഇരട്ട ബൗണ്ടറികള്‍ നേടി ഗില്ലും രോഹിത്തിന് പിന്തുണ അറിയിച്ചു.
കിവീസ് ബോളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഒമ്പതാം ഓവറില്‍ ടിം സൗത്തിയുടെ സ്ലോ ബോളില്‍ രോഹിത്തിന് പിഴച്ചതോടെയാണ് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. 29 പന്തില്‍ നാല് വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 47 റണ്‍സ് നേടിയ രോഹിത്തിനെ കെയ്ന്‍ വില്യംസണാണ് പിടികൂടിയത്.