ലഖ്‌നൗ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സാണ് നേടാന്‍ കഴിഞ്ഞത് (India vs England Score Updates).
സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കെഎല്‍ രാഹുല്‍ നല്‍കിയ പിന്തുണയും വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് നടത്തിയ പോരാട്ടവുമാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 101 പന്തില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 87 റണ്‍സാണ് രോഹിത് അടിച്ചത്. സൂര്യകുമാര്‍ യാദവ് 46 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ 58 പന്തില്‍ 39 റണ്‍സാണ് കെഎല്‍ രാഹുല്‍ കണ്ടെത്തിയത്.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്. അപരാജിത കുതിപ്പുമായി ഇംഗ്ലീഷ് പരിക്ഷയ്‌ക്കിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രം നില്‍ക്കെ നാലാം ഓവറിന്‍റെ അവസാന പന്തില്‍ ശുഭ്‌മാന്‍ ഗില്‍ പുറത്ത്.
13 പന്തില്‍ 9 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ വിരാട് കോലി ഒമ്പത് പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഡേവിഡ് വില്ലിയുടെ പന്തില്‍ ബെന്‍സ്റ്റോക്‌സിന്‍റെ കയ്യിലാണ് കോലി അവസാനിച്ചത്.
ശ്രേയസ് അയ്യര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ 11.5 ഓവറില്‍ 40ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ രോഹിത് തുടര്‍ന്ന് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞിരുന്നു. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ താരത്തിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു.