ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (cricket world cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 100 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് ഓള്‍ഔട്ടായി. മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരായ ജയത്തോടെ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ സാധ്യത ശക്തമാക്കി.
നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന്‍റെ മുന്‍നിര ബാറ്റര്‍മാരെല്ലാം വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുന്ന കാഴ്‌ചയാണ് ഇന്നത്തെ കളിയില്‍ കണ്ടത്. ഇന്നത്തെ തോല്‍വിയോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ സെമി ഫൈനങ്ങള്‍ മോഹങ്ങള്‍ വീണ്ടും മങ്ങി.