കേരളം

kerala

ETV Bharat / sports

India vs Bangladesh World Cup ചേസിങ് മാസ്റ്ററുടെ അത്യുഗ്രൻ സെഞ്ച്വറി, ബംഗ്ലാ കടുവകളെ തകർത്ത് നാലാം ജയവുമായി ഇന്ത്യ - Kohli gets the hundred

കളിച്ച നാല് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. ലോകകപ്പില്‍ തുടർച്ചയായ നാലാം ജയവുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വിരാട് കോലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്.

India vs Bangladesh World Cup
India vs Bangladesh World Cup

By ETV Bharat Kerala Team

Published : Oct 19, 2023, 9:29 PM IST

പൂനെ; 2023 ഏകദിന ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിരാട് കോലിയുടെ മികവില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തത്. റൺ ചേസിങില്‍ ലോകത്തെ ഒന്നാം നമ്പർ താരമെന്ന ഖ്യാതി പിന്തുടരുന്ന വിരാട് കോലിയാണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. കോലി ( 103) റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ കെല്‍ രാഹുല്‍ (34 ) റൺസെടുത്ത് പുറത്താകാതെ നിന്നു. 97 പന്തില്‍ ആറ് ഫോറും നാല് സിക്‌സും അടക്കമാണ് കോലിയുടെ സെഞ്ച്വറി.

ഓപ്പണിങ് വിക്കറ്റില്‍ നായകൻ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും മികച്ച കൂട്ടുകെട്ട് സൃഷ്‌ടിച്ച മത്സരത്തില്‍ മധ്യനിര ബാറ്റർമാർക്ക് കാര്യങ്ങൾ കൂടുതല്‍ എളുപ്പമായി. ഏഴ് ഫോറും രണ്ട് സിക്‌സുമായി തകർത്തടിച്ച രോഹിത് ശർമ 40 പന്തില്‍ 48 റൺസെടുത്ത് മടങ്ങിയപ്പോൾ ശുഭ്‌മാൻ ഗില്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമായി 55 പന്തില്‍ 53 റൺസെടുത്ത് പുറത്തായി. ലോകകപ്പിലെ ഗില്ലിന്‍റെ ആദ്യ അർധസെഞ്ച്വറിയാണ് പൂനെയില്‍ ബംഗ്ലാദേശിന് എതിരെ പിറന്നത്.

ഗില്ലും രോഹിതും പുറത്തായതിന് പിന്നാലെയെത്തിയ കോലിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും അയ്യർ (19) റൺസ് നേടി പുറത്തായി. അതിനു ശേഷമെത്തിയ കെഎല്‍ രാഹുലിനൊപ്പം വിരാട് കോലി ഇന്ത്യയെ 200 കടത്തി വിജയതീരത്ത് എത്തിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ നായകൻ ഷാകിബ് അല്‍ ഹസന് പകരം നജ്‌മുല്‍ ഹൊസൈൻ ഷാന്‍റോ ആണ് ടീമിനെ നയിച്ചത്. ഓപ്പണർമാരായ തൻസിദ് ഹസനും (51), ലിട്ടൻ ദാസും (66) ചേർന്ന് ബംഗ്ലാദേശിന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. എന്നാല്‍ ബംഗ്ലാ മധ്യനിരയെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളർമാർ കടുവകളെ അൻപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 256 റൺസില്‍ ഒതുക്കുകയായിരുന്നു. വാലറ്റത്ത് മഹമ്മദുള്ളയും (46), മുഷ്‌ഫിക്കർ റഹിമും (38) ചേർന്നാണ് ബംഗ്ലാദേശിനെ 250 കടത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവി ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ശാർദുല്‍ താക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് നേടി. ബംഗ്ലാദേശ് ബാറ്റിങിന്‍റെ ഒൻപതാം ഓവർ എറിയുന്നതിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒക്‌ടോബർ 22ന് ധർമശാലയില്‍ ന്യൂസിലൻഡിന് എതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്‌ടമാകുമെന്നാണ് സൂചന. ഹാർദികിനെ സ്‌കാനിങിന് വിധേയനാക്കിയെന്നും ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണെന്നുമാണ് ബിസിസിഐ ട്വീറ്റ് ചെയ്‌തത്.

കളിച്ച നാല് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയും നാല് മത്സരങ്ങളും ജയിച്ചെങ്കിലും നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒക്‌ടോബർ 22 ന് ധർമശാലയില്‍ ന്യബസിലൻഡിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

also read: Hardik Pandya Injury ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്ക്, ആശങ്ക ഇന്ത്യയ്ക്ക്

ABOUT THE AUTHOR

...view details