അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം തേടി ഇന്ത്യ വീണ്ടും കളത്തിലിറങ്ങുകയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ (Cricket World Cup 2023) ഫൈനലില്‍ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ആതിഥേയര്‍ക്ക് എതിരാളി (India vs Australia Cricket World Cup 2023 final). 2011-ല്‍ സ്വന്തം മണ്ണില്‍ തന്നെയായിരുന്നു ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.
അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ കീഴടക്കിക്കൊണ്ടായിരുന്നു എംഎസ് ധോണിയുടെ കീഴിലിറങ്ങിയ ആതിഥേയര്‍ കിരീടത്തിലേക്ക് അടുത്തത്. സച്ചിനും സെവാഗും യുവരാജും സുരേഷ് റെയ്നയും സഹീര്‍ ഖാനുമൊക്കെ അണിനിരന്നുവെങ്കിലും ടീം എല്ലാ നിലയിലും മികച്ച ഒന്നായിരുന്നില്ല. റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ കളിച്ച ഓസീസാവട്ടെ ടീം ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു.
എന്നാല്‍ അങ്ങേയറ്റം വരെ പോരാടാനുള്ള ഉശിര് പകര്‍ന്ന ഉര്‍ജ്ജമായിരുന്നു ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ഇതേ അഹമ്മദാബാദില്‍ തന്നെയായിരുന്നു 2011-ലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും അരങ്ങേറിയത്. ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയ ലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യ നേടിയെടുത്തത്.
ഇക്കുറി രോഹിത് ശര്‍മ (Rohit Sharma) നേതൃത്വം നല്കുന്ന ടീമിന് വിജയിക്കാനുള്ള ദാഹം ഏറെയാണ്. വെടിക്കെട്ട് തുടക്കം നല്കുന്ന ക്യാപ്റ്റന്‍ രോഹിത്തിന് ഓപ്പണിങ്ങില്‍ പിന്തുണ നല്കുന്ന ശുഭ്മാന്‍ ഗില്‍, തുടര്‍ന്ന് നങ്കൂരമിട്ട് കളിക്കുന്ന വിരാട് കോലിയും (Virat Kohli) ശ്രേയസും കെഎല്‍ രാഹുലും ബാറ്റിങ് യൂണിറ്റിന്റെ നട്ടെല്ലാവുമ്പോള്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിങ്ങളാന്‍ രവീന്ദ്ര ജഡേജ, ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ എതിരാളികളെ കറക്കി വീഴ്ത്താന്‍ കുല്‍ദീപ് യാദവ്, പേസ് യൂണിറ്റില്‍ മരണ കോംബോയായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ സഖ്യം (Indian Cricket Team In Cricket World Cup 2023).