ന്യൂഡല്‍ഹി :ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 273 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ന്യൂഡല്‍ഹിയിലെ ബാറ്റിങ് പറുദീസയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 272 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (88 പന്തില്‍ 80), അസ്മത്തുള്ള ഒമർസായി (69 പന്തുകളില്‍ 62) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് അഫ്‌ഗാന്‍ ഇന്നിങ്‌സിന് കരുത്തായത് (India vs Afghanistan Score Updates).
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ Jasprit Bhumra 10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ അഫ്‌ഗാനിസ്ഥാന് സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടു. ഇബ്രാഹിം സദ്രാനെ (28 പന്തില്‍ 22) ജസ്‌പ്രീത് ബുംറ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ റഹ്മാനുള്ള ഗുർബാസ് (28 പന്തില്‍ 21), റഹ്മത്ത് ഷാ (22 പന്തില്‍ 16) എന്നിവര്‍ കൂടി മടങ്ങിയതോടെ 13.1 ഓവറില്‍ മൂന്നിന് 63 എന്ന നിലയിലേക്ക് അഫ്‌ഗാന്‍ പരുങ്ങലിലായി.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഹഷ്‌മത്തുള്ള ഷാഹിദി -അസ്മത്തുള്ള ഒമർസായി Azmatullah Omarzai സഖ്യത്തിന്‍റെ പ്രകടനം ടീമിന് കരുത്തായി. നാലാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഫ്‌ഗാന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. ഏറെ ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും മോശം ബോളുകളില്‍ മാത്രമാണ് ആക്രമണത്തിന് മുതിര്‍ന്നത്.
ലോകകപ്പില്‍ അഫ്‌ഗാന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 11-ാം ഓവറില്‍ 50 കടന്ന അഫ്‌ഗാനിസ്ഥാന്‍ 24-ാം ഓവറില്‍ മൂന്നക്കവും തൊട്ടു. 31-ാം ഓവറില്‍ അഫ്‌ഗാന്‍ 150 കടന്നതിന് പിന്നാലെ ഇരുവരും അര്‍ധ സെഞ്ചുറിയിലെത്തി. 35-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഒമർസായിയെ ബൗള്‍ഡാക്കി ബെര്‍ത്ത് ഡേ ബോയ് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ മുഹമ്മദ് നബിയെ കൂട്ടുപിടിച്ച് ഹഷ്മത്തുള്ള ഷാഹിദി 37-ാം ഓവറില്‍ അഫ്‌ഗാനെ 200 കടത്തി.
നബിയോടൊപ്പം 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ക്യാപ്റ്റന്‍ മടങ്ങുമ്പോള്‍ 42.4 ഓവറില്‍ 225 എന്ന നിലയിലായിരുന്നു അഫ്‌ഗാന്‍. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹഷ്മത്തുള്ള ഷാഹിദി Hashmatullah Shahidi തിരിച്ചുകയറിയത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. 45-ാം ഓവറില്‍ നജീബുള്ള സദ്രാന്‍ (8 പന്തില്‍ 2), മുഹമ്മദ് നബി (27 പന്തില്‍19) എന്നിവര്‍ ബുംറയ്‌ക്ക് മുന്നില്‍ വീണു.
ALSO READ: Jasprit Bhumrah Replicates Marcus Rashford : കണ്ണുകളടച്ച് ചൂണ്ടുവിരല്‍ നെറ്റിയോടുചേര്‍ത്ത് ബുംറ ; 'റാഷ്‌ഫോര്‍ഡ് സ്റ്റൈല്‍' വിക്കറ്റ് ആഘോഷം
നജീബുള്ളയെ വിരാട് കോലി പിടികൂടിയപ്പോള്‍ നബി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. എട്ടാം വിക്കറ്റില്‍ മുജീബ് ഉർ റഹ്മാനൊപ്പം റാഷിദ് ഖാന്‍ (12 പന്തില്‍ 16) 26 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുംറയുടെ അവസാന ഓവറില്‍ കുല്‍ദീപാണ് റാഷിദിനെ പിടികൂടിയത്. മുജീബ് ഉർ റഹ്മാന്‍ (11 പന്തില്‍ 10), നവീൻ ഉൽ ഹഖ് (8 പന്തില്‍ 9) എന്നിവര്‍ പുറത്താവാതെ നിന്നു.