കൊല്‍ക്കത്ത :ഏകദിന ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമായ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഞായറാഴ്‌ച (05.11.2023) ഈഡന്‍ ഗാര്‍ഡനില്‍ നടക്കാനിരിക്കെ ഒപ്പം ഉയര്‍ന്ന് തട്ടിപ്പ് ആരോപണങ്ങളും. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ നിയന്ത്രണാതീതമായി പുറത്തെത്തിയെന്നും ഇത് കരിഞ്ചന്തക്കാരുടെ കൈവശമെത്തിയെന്നുമാണ് ആരോപണം. ഇത്രയധികം ടിക്കറ്റുകള്‍ എങ്ങനെയാണ് കരിഞ്ചന്തക്കാരുടെ പക്കല്‍ എത്തിയതെന്ന് കണ്ടെത്താന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും, മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയുടെ ജേഷ്‌ഠനുമായ സ്‌നേഹാഷിസ് ഗംഗോപാധ്യായയ്‌ക്ക് കൊല്‍ക്കത്ത പൊലീസ് നോട്ടിസ് അയച്ചിട്ടുണ്ട്.
ചോര്‍ന്ന ഇടം തേടി പൊലീസ് :സംഭവത്തില്‍ സൗരവ് ഗാംഗുലിയും രേഖാമൂലം വിവരം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്കിങ് പ്ളാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ'യുടെ ഉദ്യോഗസ്ഥരെ മൈദാന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. മാത്രമല്ല സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൊല്‍ക്കത്ത പൊലീസ് സൗത്ത് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രിയബ്രത റോയ്, ആന്‍റി റൗഡി സ്‌ക്വാഡിലെ അംഗങ്ങളുമായി മൈദാന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ ഓൺലൈനിൽ നിന്നും ആരാണ് വാങ്ങിയതെന്നും അവർ എങ്ങനെയാണ് ആ ടിക്കറ്റുകൾ കരിഞ്ചന്തയിലേക്ക് എത്തിച്ചതെന്നും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതിനോടകം ഏഴുപേരെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്.