ഇസ്ലാമാബാദ് : ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായെത്തിയെങ്കിലും പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അത്ര സജീവമല്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ബാബര്‍ അസമിന്‍റെ ടീം തോല്‍വി വഴങ്ങിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ജയം പിടിച്ചിരുന്നുവെങ്കിലും പിന്നീട് തുടര്‍ തോല്‍വികളാണ് പാകിസ്ഥാനെ കാത്തിരുന്നത്.
ഇതിന് പിന്നാലെ ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. 29-കാരനെ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് എത്തി. ഇതിനിടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ബാബര്‍ അസം (Babar Azam) ഓള്‍റൗണ്ടര്‍ ഇമദ് വസീമിനോട് മാപ്പുപറയണമെന്ന് മുന്‍ താരമായിരുന്ന മുഹമ്മദ് ഹഫീസ് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുകയാണ് ഇമദ് വസീം (Imad Wasim On Babar Azam Facing Criticism).
പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചാല്‍ ബാബറിനോട് എല്ലാവരും ക്ഷമിക്കുമെന്നാണ് ഇമദ് വസീം പറയുന്നത്. 'ബാബർ അസം നമ്മള്‍ക്ക് ലോകകപ്പ് നേടിത്തന്നാൽ, രാജ്യം മുഴുവൻ അദ്ദേഹത്തോട് ക്ഷമിക്കും, ഇത് എന്നോട് ക്ഷമ ചോദിക്കുന്നതിനെക്കുറിച്ച് അല്ല. ടൂർണമെന്‍റ് വിജയിക്കുക എന്നതിനെക്കുറിച്ച് മാത്രമാണ്' - ഇമദ് വസീം (Imad Wasim) പറഞ്ഞു. മുഹമ്മദ് ഹഫീസ് (Mohammad Hafeez) ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഒരു ചാനല്‍ ഷോയ്‌ക്കിടെ ഒരു ആരാധകന്‍റെ ചോദ്യത്തോടായിരുന്നു ഇമദിന്‍റെ പ്രതികരണം.