ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ 2023 സെപ്‌തംബറിലെ മികച്ച പുരുഷ താരമായി യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്‍. സമീപകാലത്തെ മികച്ച ഫോമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞമാസം മാത്രം 80 റണ്‍സ് എന്ന മികച്ച ശരാശരിയില്‍ 480 ഏകദിന റണ്‍സ് കുറിച്ചതാണ് ഗില്ലിന് മികച്ച പുരുഷ താരത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.
അവാര്‍ഡിലേക്കെത്തിയത് ഇങ്ങനെ: സഹതാരവും അടുത്തിടെ കഴിഞ്ഞ ഏഷ്യ കപ്പില്‍ മിന്നും ഫോമില്‍ തിളങ്ങിയ മുഹമ്മദ് സിറാജിനെയും ഇംഗ്ലണ്ടിന്‍റെ ഓപണര്‍ ഡേവിഡ് മലനെയും പിന്തള്ളിയാണ് ഗില്ലിനെ തേടി ഐസിസിയുടെ അംഗീകാരമെത്തിയത്. ഏഷ്യ കപ്പില്‍ 75.5 ശരാശരിയോടെ 302 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. മാത്രമല്ല ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയില്‍ അത്യുജ്ജ്വല പ്രകടനം നടത്തിയ ഗില്‍, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു.
Also Read:MSK Prasad About Shubman Gill 'അവനെ പുറത്തിരുത്താന്‍ ഒരിക്കലും ഇന്ത്യയ്‌ക്കാകില്ല, പാകിസ്ഥാനെതിരെ ഗില്ലും ഉണ്ടാകും..': എംഎസ്കെ പ്രസാദ്
ഏകദിന റാങ്കിങിലും മുന്‍പില്‍: കഴിഞ്ഞ മാസം മാത്രം നടന്ന എട്ട് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ 24 കാരനായ ശുഭ്‌മാന്‍ ഗില്‍ നേടിയിരുന്നു. മാത്രമല്ല രണ്ട് തവണ മാത്രമാണ് താരം 50 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്‌തത്. ഐസിസി പുരുഷ ഏകദിന ബാറ്റിങ് റാങ്കിങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഗില്‍ ഉള്ളത്. 35 മത്സരങ്ങളില്‍ നിന്നായി 102.84 സ്‌ട്രൈക് റേറ്റിലും 66.1 ശരാശരിയിലുമായി 1,917 റണ്‍സാണ് താരത്തിന് ഏകദിന റാങ്കിങില്‍ മുതല്‍ക്കൂട്ടായത്. അതേസമയം ഇന്ത്യ ആതിഥേയത്വം വഹിച്ച് നിലവില്‍ പുരോഗമിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പനി കാരണം ശുഭ്‌മാന്‍ ഗില്ലിന് നഷ്‌ടമായിരുന്നു.
സന്തോഷം പങ്കുവച്ച് ഗില്‍:ഐസിസിയുടെ സെപ്‌തംബര്‍ മാസത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ശുഭ്‌മാന്‍ ഗില്‍ തന്‍റെ സന്തോഷം പങ്കുവച്ചു. സെപ്റ്റംബർ മാസത്തെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയതിൽ ഞാൻ ഏറെ സന്തുഷ്‌ടനാണ്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ടീമിനായി സംഭാവന നൽകാനും കഴിയുന്നത് തന്നെ എന്നെ സംബന്ധിച്ച് വളരെ വലിയ പദവിയാണ്. തുടർന്നും മികവ് പുലര്‍ത്താന്‍ ഈ അവാർഡ് എന്നെ പ്രേരിപ്പിക്കുമെന്നും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയാണ് ലക്ഷ്യമെന്നും ഗില്‍ പ്രതികരിച്ചു.
Also Read: Shubman Gill Net Session ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം, കഠിനപ്രയത്നത്തില്‍ ശുഭ്‌മാന്‍ ഗില്‍