ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ (Afghanistan vs Pakistan) വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന് റഹ്‌മാനുള്ള ഗുര്‍ബാസിനൊപ്പം ആദ്യ വിക്കറ്റില്‍ 130 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കമാണ് ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran) നല്‍കിയത്. ഗുര്‍ബാസ് മടങ്ങിയതിന് ശേഷമെത്തിയ റഹ്‌മത്ത് ഷായൊപ്പം 60 റണ്‍സും കൂട്ടിച്ചേര്‍ത്ത് ടീമിന് മികച്ച അടിത്തറയൊരുക്കിയായിരുന്നു സദ്രാന്‍ തിരിച്ച് കയറിയത്.
113 പന്തില്‍ 10 ബൗണ്ടറികളോടെ 87 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററാവാനും താരത്തിന് കഴിഞ്ഞിരുന്നു. പ്രകടനത്തിന് മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഇബ്രാഹിം സദ്രാനെത്തേടിയെത്തി. തനിക്ക് ലഭിച്ച പുരസ്‌കാരം പാകിസ്ഥാന്‍ തിരിച്ചയച്ച അഫ്‌ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കാണ് ഇബ്രാഹിം സദ്രാൻ സമര്‍പ്പിച്ചിരിക്കുന്നത്.
"ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണുള്ളത്. എന്നെക്കുറിച്ചും എന്‍റെ രാജ്യത്തെക്കുറിച്ചും എനിക്ക് വളരെ സന്തോഷം തോന്നുന്നു. എനിക്ക് ലഭിച്ച ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയക്കുന്നവർക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എപ്പോഴും നല്ല ഉദ്ദേശത്തോടെ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുര്‍ബാസിനും എനിക്കും പലതവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അണ്ടർ -16 കാലഘട്ടം മുതൽക്ക് തന്നെ ഞങ്ങൾ ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്" പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സംസാരിക്കവെ ഇബ്രാഹിം സദ്രാൻ പറഞ്ഞു (Ibrahim Zadran On Winning Player Of The Match).