ബെംഗളൂരു :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. പരിക്കിന്റെ പിടിയിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കില്ല (Hardik Pandya to miss two more World Cup 2023 matches due to injury). ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച പൂനയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന്റെ ഇടതു കണങ്കാലിന് പരിക്കേറ്റിരുന്നു. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റര്‍ പായിച്ച ഷോട്ട് കാലുകൊണ്ട് തടുത്തതാണ് പരിക്കിന് വഴിവച്ചത്. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരെ ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ താരത്തിന് കളിക്കാനായിരുന്നില്ല.
ഇതിന് ശേഷം ഒക്ടോബര്‍ 29-ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി 30-കാരന് ലഖ്നൗവില്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇംഗ്ലണ്ടിനും തുടര്‍ന്ന് ശ്രീലങ്കയ്ക്കും എതിരെയുള്ള മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ലെന്നാണ് നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ലഖ്നൗവില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യ നവംബര്‍ രണ്ടിന് മുംബൈയിലെ വാങ്കഡെയിലാണ് ആതിഥേയര്‍ ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങുന്നത്.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയിട്ടില്ല (Hardik Pandya Injury updates). താരത്തെ തിടുക്കത്തില്‍ തിരികെ എത്തിക്കാതെ പൂര്‍ണമായി സുഖപ്പെടുന്നത് വരെ കാത്തിരിക്കാനാണ് മാനേജ്മെന്റിന്റെ നിലവിലെ തീരുമാനം. ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രം നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കും തുടര്‍ന്ന് 12ന് നെതര്‍ലന്‍ഡ്സിനും എതിരായ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ താരം കളിക്കും.