ഹൈദരാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടതു കണങ്കാലിന് പരിക്കേറ്റതോടെയാണ് ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടി വന്നത്. ഒക്‌ടോബര്‍ 22-ന് ധര്‍മ്മശാലയിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് (India vs New Zealand) മത്സരം നടക്കുന്നത്.
ഈ മത്സരത്തിനായി ഹാര്‍ദിക് പാണ്ഡ്യ ധര്‍മ്മശാലയിലേക്ക് പോകില്ലെന്നും ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിന് മുന്നെ താരം ടീമിനൊപ്പം ചേരുമെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന ഹാര്‍ദിക്കിന്‍റെ അഭാവം ന്യൂസിന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ടൂര്‍ണമെന്‍റില്‍ ബാറ്ററെന്ന നിലയില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും മൂന്നാം പേസറെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയിട്ടുള്ളത്.
ഹാര്‍ദിക്കിന്‍റെ പുറത്താവലോടെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്‍റ് നിര്‍ബന്ധിതരായിരിക്കുകയാണ്. പകരക്കാരന്‍റെ തിരഞ്ഞെടുപ്പാവട്ടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) മാനേജ്‌മെന്‍റിന് കടുത്ത തലവേദനയുമാണ്. കിവീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള താരങ്ങളുടെ സാധ്യതകള്‍ പരിശോധിക്കാം.
ഹാര്‍ദിക്കിനെ കൂടാതെ പേസ് ഓള്‍റൗണ്ടറായി ശാര്‍ദുല്‍ താക്കൂറായിരുന്നു (Shardul Thakur) ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടായിരുന്നത്. എന്നാല്‍ പന്തുകൊണ്ട് ഇതേവരെ കാര്യമായ പ്രകടനം നടത്താന്‍ ശാര്‍ദുലിന് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ പേസ് ബോളിങ്ങിനെ പിന്തുണയ്‌ക്കുന്ന ധര്‍മ്മശാലയിലെ പിച്ചില്‍ താരത്തെ വീണ്ടും കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തയ്യാറുവുമോയെന്ന് കാത്തിരുന്ന് കാണണം.