ന്യൂഡല്‍ഹി:ഇന്ത്യയും അഫ്ഗാനിസ്ഥാനും (India vs Afghanistan) ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മുഖാമുഖം പോരടിക്കാനെത്തിയപ്പോള് എല്ലാവരുടെയും ശ്രദ്ധ പോയത് വിരാട് കോലി (Virat Kohli) നവീന്‍ ഉള് ഹഖ് (Naveen Ul Haq) എന്നിവരിലേക്കായിരുന്നു. ഐപിഎല്ലില്‍ ഇരുവരും തമ്മിലുണ്ടായ കൊമ്പുകോര്‍ക്കലും പിന്നീട് ആ സംഭവത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം മെന്ററായ ഗൗതം ഗംഭീര്‍ ഇടപെട്ടതുമെല്ലാം ആരാധകര്‍ മറന്നിട്ടില്ല. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഏകന സ്റ്റേഡിയത്തില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (Lucknow Super Giants) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) മത്സരത്തിന് ശേഷമായിരുന്നു താരങ്ങള്‍ തമ്മിലുടക്കിയത്.
ഈ സംഭവത്തിന് ശേഷം നവീന്‍ ഉള് ഹഖ് കളിക്കാന്‍ ഇറങ്ങിയ ഗ്രൗണ്ടുകളിലെല്ലാം കോലി ചാന്റുകള്‍ ഉയരുന്നതും പതിവായി. ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറിനെതിരെയും ആരാധകരുടെ കോലി ആരവങ്ങള്‍ പതിവായി തന്നെ ഉയര്‍ന്നുകേട്ടിരുന്നു. ഇതൊക്കെ കൊണ്ടാണ് വീണ്ടും ഇരു താരങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാന്‍ ആരാധകര്‍ കാത്തിരുന്നത്.
ഇന്നലെ വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഴയ കാര്യങ്ങള്‍ മറന്ന് ചേര്ന്നുനില്ക്കാനാണ് ഇരു താരങ്ങളും ശ്രമിച്ചത്. അഫ്ഗാന് ഇന്നിങ്സില്‍ നവീന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും ഇന്ത്യയ്ക്കെതിരെ താരം പന്തെറിയാനെത്തിയപ്പോഴും കോലി ചാന്റുകള്‍ ഗാലറിയില്‍ ഉയര്‍ന്നു. എന്നാല്‍, ഗ്രൗണ്ടിലുണ്ടായിരുന്ന വിരാട് കോലി, ആരാധകരോട് ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.