കൊല്‍ക്കത്ത :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രതീക്ഷ അസ്ഥാനത്ത്. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് അടിച്ച് കൂട്ടി (England vs Pakistan Score Updates). ലക്ഷ്യം വെറും 6.4 ഓവറില്‍ നേടിയെടുത്താല്‍ മാത്രമേ ന്യൂസിലന്‍ഡിനെ മറികടന്ന് പാകിസ്ഥാന് അവസാന നാലില്‍ ഇടം നേടാന്‍ കഴിയൂ.
അപ്രാപ്യമായ ഈ ലക്ഷ്യം മുന്നില്‍ ഉയര്‍ന്നതോടെ പാക് ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകളും അവസാനിച്ചു. 76 പന്തില്‍ 84 റണ്‍സെടുത്ത് ബെന്‍ സ്റ്റോക്സാണ് ടീമിന്റെ ടോപ് സ്കോറര്‍. ജോണി ബെയര്‍സ്റ്റോ (61 പന്തില്‍ 59), ജോ റൂട്ട് (72 പന്തില്‍ 60) എന്നിവര്‍ നിര്‍ണായകമായി. ഓപ്പണര്‍മാരായ ഡേവിഡ് മലാനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്.
ന്യൂബോളില്‍ ആദ്യ മൂന്ന് ഓവറുകള്‍ പിടിച്ചെറിയാന് പാക് പേസര്‍മാരായ ഷഹിന്‍ ഷാ അഫ്രീദിയ്ക്കും ഹാരിസ് റൗഫിനും കഴിഞ്ഞെങ്കിലും തുടര്‍ന്ന് യഥേഷ്ടം ബൗണ്ടറികള്‍ ഒഴുകുന്നതാണ് കാണാന്‍ കഴിഞ്ഞത്. 82 റണ്‍സ് നീണ്ടുനിന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഡേവിഡ് മലാനെ (39 പന്തില്‍ 31) വീഴ്ത്തി ഇഫ്തിഖർ അഹമ്മദാണ് പൊളിച്ചത്.
പിന്നാലെ ബെയര്‍സ്റ്റോയും തിരിച്ച് കയറിയെങ്കിലും തുടര്‍ന്ന് ഒന്നിച്ച ജോ റൂട്ടും ബെന്‍ സ്റ്റോക്സും ഇംഗ്ലണ്ടിന് കരുത്തായി മാറി. പാക് ബോളര്‍ക്കെതിരെ പതിഞ്ഞും തെളിഞ്ഞും കളിച്ച ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. 41-ാം ഓവറില്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കി ഷഹീന് ഷാ അഫ്രീദിയാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്.