അഹമ്മദാബാദ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler ) ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (England vs Australia Toss Report ). അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ രണ്ട് മാറ്റം വരുത്തിയതായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) അറിയിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പുറത്തായപ്പോള്‍ കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവര്‍ ടീമിലെത്തി.
ഓസ്‌ട്രേലിയ (പ്ലെയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുഷയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇംഗ്ലണ്ട് (പ്ലെയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ (സി), മോയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ നാല് വിജയവുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഓസീസ് തുടര്‍ന്ന് കളിച്ച നാല് മത്സരങ്ങളിലും വിജയം നേടുകയായിരുന്നു.
ഇതോടെ അഹമ്മദാബാദില്‍ തുടര്‍ വിജയം നേടി സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാനുറച്ചാവും പാറ്റ് കമ്മിന്‍സും സംഘവും അഹമ്മദാബാദില്‍ ഇറങ്ങുക. മറുവശത്ത് ടൂര്‍ണമെന്‍റില്‍ ഇതേവരെ മോശം പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നടത്താന്‍ കഴിഞ്ഞത്.
കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും വെറും ഒരെണ്ണത്തില്‍ മാത്രം വിജയിച്ച ഇംഗ്ലണ്ട് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. ഇതോടെ ടീമിന്‍റെ സെമി ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഇതോടെ ടൂര്‍ണമെന്‍റില്‍ ആശ്വാസ വിജയം തേടുന്ന ഇംഗ്ലണ്ടിന് മുന്നില്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയെന്ന കടമ്പയുമുണ്ട്. ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ലഭിക്കുക.
ALSO READ:'മണ്ടത്തരം' പറഞ്ഞ് പാകിസ്ഥാനികളെ ലോകത്തിന് മുന്നില്‍ അപമാനിക്കരുത്...; ഹസന്‍ റാസയെ പൊളിച്ചടുക്കി വസീം അക്രം
ഏകദിന ലോകകപ്പ് ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ആധിപത്യമുണ്ട്. ഇതേവരെ ഒമ്പത് തവണയാണ് ഏകദിന ലോകകപ്പ് വേദിയില്‍ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ആറ് മത്സരങ്ങളിലും ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ മൂന്നെണ്ണമാണ് ഇംഗ്ലണ്ടിനൊപ്പം നിന്നത്.
ALSO READ: 'ഓരോ പന്തിലും ഈ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും'; വികാരനിര്‍ഭര കുറിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ
തത്സമയം മത്സരം കാണാനുള്ള വഴി : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാം. (Where to Watch England vs Australia Cricket World Cup 2023 match)