അഹമ്മദാബാദ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 49.3 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി (England vs Australia Score Updates). 83 പന്തില്‍ 71 റണ്‍സ് നേടിയ മാര്‍നസ് ലെബുഷെയ്‌നാണ് (Marnus Labuschagne ) ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 9.3 ഓവറില്‍ 54 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനേയും ഡേവിഡ് വാര്‍ണറേയും ക്രിസ് വോക്‌സ് തുടക്കം തന്നെ പിടിച്ച് കെട്ടിയതോടെ ഓസീസിന്‍റെ തുടക്കം പാളിയിരുന്നു. ഹെഡിന് 10 പന്തുകളില്‍ 11 റണ്‍സും വാര്‍ണര്‍ക്ക് 16 പന്തുകളില്‍ 15 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സ്റ്റീവ് സ്‌മിത്ത്-മാര്‍നസ് ലെബുഷെയ്‌ന്‍ സഖ്യം നന്നായി കളിച്ചതോടെയാണ് ഓസീസ് മത്സരത്തിലേക്ക് തിരികെ എത്തിയത്. 75 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് 22-ാം ഓവറിലാണ് ഇംഗ്ലണ്ട് പൊളിക്കുന്നത്. സ്‌മിത്തിനെ (52 പന്തില്‍ 44) ആദില്‍ റഷീദിന്‍റെ പന്തില്‍ മൊയീന്‍ അലി പിടികൂടി.
ജോഷ് ഇംഗ്ലിസിനേയും (6 പന്തില്‍ 3) ആദില്‍ റഷീദ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം 61 റണ്‍സ് ചേര്‍ത്ത് ലെബുഷെയ്‌നും മടങ്ങി. മാര്‍ക് വുഡിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ലെബുഷെയ്‌ന്‍ പുറത്തായത്.