മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി (David Willey announces retirement from International Cricket). ഇന്ത്യയില്‍ പുരോഗമിക്കുന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഡേവിഡ് വില്ലി (David Willey) അറിയിച്ചിരിക്കുന്നത്. ഏറെ വികാരനിര്‍ഭരമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് 33-കാരനായ ഡേവിഡ് വില്ലി തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത് (David Willey retirement).
ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് തന്‍റെ സ്വപ്‌നമായിരുന്നു. ഏകദിന ലോകകപ്പില്‍ ടീമിന്‍റെ പ്രകടനവുമായി തന്‍റെ തീരുമാനത്തിന് ബന്ധമില്ലെന്നും ഡേവിഡ് വില്ലി തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
"ഈ ദിവസം വന്നെത്താന്‍ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ, ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് ഞാൻ കണ്ട സ്വപ്‌നം. സൂക്ഷ്മമായ ചിന്തകള്‍ക്ക് ശേഷം ഏറെ ദുഖത്തോടെയാണ് ലോകകപ്പിന്‍റെ അവസാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ട് ജഴ്‌സി ധരിച്ചത്.
രാജ്യത്തിനായി എന്‍റെ എല്ലാം തന്നെ ഞാന്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുള്ള, അവിശ്വസനീയമായ ഒരു വൈറ്റ് ബോൾ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതില്‍ ഞാൻ ഏറെ ഭാഗ്യവാനാണ്. ടീമിനൊപ്പമുള്ള യാത്രകളില്‍ എനിക്ക് വളരെ സ്‌പെഷ്യലായ ചില ഓർമ്മകളും മികച്ച സുഹൃത്തുക്കളേയും ലഭിച്ചു", ഡേവിഡ് വില്ലി എഴുതി.
"ഭാര്യയും രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ത്യാഗവും അചഞ്ചലമായ പിന്തുണയും ഉണ്ടായിരുന്നില്ലെങ്കില്‍, എനിക്കെന്‍റെ സ്വപ്നങ്ങൾ പിന്തുടരാൻ കഴിയുമായിരുന്നില്ല. ജീവിതത്തില്‍ പ്രത്യേക ഓര്‍മ്മകള്‍ നല്‍കിയതിനും വീണുപോയപ്പോള്‍ എപ്പോഴും കൈത്താങ്ങായതിനും അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇപ്പോഴും ഞാന്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്ന തികഞ്ഞ ബോധ്യമെനിക്കുണ്ട്.
കളത്തിന് അകത്തും പുറത്തും ഇനിയും ഒരുപാട് കാര്യങ്ങൾ നൽകാനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. എന്‍റെ ഈ തീരുമാനത്തിന് ഏകദിന ലോകകപ്പിലെ ഞങ്ങളുടെ പ്രകടനവുമായി യാതൊരു ബന്ധവുമില്ല. ടൂര്‍ണമെന്‍റിലെ ബാക്കിയുള്ള മത്സരങ്ങളില്‍ എന്‍റെ പങ്കാളിത്തം എന്തായാലും, എന്‍റെ കഴിവിന്‍റെ പരമാവധിയും അതിലധികവും ഞാന്‍ നല്‍കുമെന്ന കാര്യത്തില്‍ എന്നെ അറിയുന്ന എല്ലാവർക്കും സംശയമുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്", ഡേവിഡ് വില്ലി കുറിച്ചു.
ഇംഗ്ലണ്ടിനായി ഇതേവരെ 70 ഏകദിനങ്ങളും 43 ടി20കളുമാണ് ഡേവിഡ് വില്ലി കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 94 വിക്കറ്റുകളും ടി20യില്‍ 51 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ബാറ്റുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനം താരത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഏകദിനത്തില്‍ 627 റണ്‍സും ടി20യില്‍ 226 റണ്‍സുമാണ് വില്ലിയുടെ സമ്പാദ്യം.
അതേസമയം ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം വച്ച് ഇന്ത്യന്‍ മണ്ണിലേക്ക് എത്തിയ ഇംഗ്ലണ്ട് (England cricket team) ദുരന്തമായി മാറുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ടിന് നേടാന്‍ കഴിഞ്ഞത്. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.
ALSO READ: 'ഇനി ഞങ്ങള് ജയിച്ചില്ലേലും ഇങ്ങള് തോറ്റാല്‍ മതി'; ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത രസകരം