ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരായി (India vs New Zealand) മിന്നും പ്രകടനമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) നടത്തിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് തൊട്ടരികെ വീണെങ്കിലും ഇന്ത്യയുടെ വിജയം ഏറെക്കുറെ ഉറപ്പിച്ചായിരുന്നു കോലി തിരിച്ച് കയറിയത്. മത്സരത്തില്‍ 104 പന്തില്‍ 95 റണ്‍സായിരുന്നു താരം നേടിയത്.
ഈ പ്രകടനത്തിന് കോലിയെ പുകഴ്‌ത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ (Daryl Mitchell praises Virat Kohli). വിരാട് കോലി ഒരു ലോകോത്തര താരമാണെന്നാണ് ഡാരില്‍ മിച്ചല്‍ പറയുന്നത്. ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായി താരം എന്നും വാഴ്ത്തപ്പെടുമെന്നും ഡാരില്‍ മിച്ചല്‍ പറഞ്ഞു. ധര്‍മ്മശാലയിലെ മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഡാരില്‍ മിച്ചലിന്‍റെ വാക്കുകള്‍.
"വിരാട് കോലി ഒരു വേള്‍ഡ് ക്ലാസ് പ്ലെയറാണ്. ക്രിക്കറ്റിലെ മഹാന്മാരില്‍ ഒരാളായി അദ്ദേഹം എന്നും വാഴ്ത്തപ്പെടും. ന്യൂസിലന്‍ഡിനെതിരെ സമ്മര്‍ദ ഘട്ടത്തില്‍ മികച്ച ഒരു ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. സെഞ്ചുറി നേടാനായില്ലെങ്കിലും ടീമിന്‍റെ വിജയം ഏറെക്കുറെ ഉറപ്പിച്ചായിരുന്നു കോലി തിരിച്ച് കയറിയത്", ഡാരില്‍ മിച്ചല്‍ (Daryl Mitchell) പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്‍റെ നട്ടെല്ലായിരുന്നു. 127 പന്തുകളില്‍ 130 റണ്‍സായിരുന്നു ഡാരില്‍ മിച്ചല്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം കിവീസ് താരമാവാനും ഡാരില്‍ മിച്ചലിന് കഴിഞ്ഞു.