മുംബൈ:ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) ലീഗ് ഘട്ട മത്സരങ്ങള്‍ക്ക് പരിസമാപ്‌തി ആയിരിക്കുകയാണ്. ടൂര്‍ണമെന്‍റിന്‍റെ ഭാഗമായ പത്ത് ടീമുകളും ഓരോ മത്സരങ്ങളില്‍ വീതം പരസ്‌പരം ഏറ്റുമുട്ടിയ ആദ്യ ഘട്ടത്തിന് ശേഷം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതിന് പിന്നാലെ ഏകദിന ലോകകപ്പ് 2023 ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia).
വിരാട് കോലി (Virat Kohli) നായകനായ 12 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത്. കോലിയെക്കൂടാതെ മുഹമ്മദ് ഷമി (Mohammed Shami), ജസ്പ്രീത് ബുംറ (Jasprit Bumrah), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരും ടീമിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ഇടം ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമുള്ള ടീമില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് താരങ്ങളും ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങളും ന്യൂസിലന്‍ഡിന്‍റേയും ശ്രീലങ്കയുടേയും ഓരോ താരങ്ങള്‍ വീതവുമാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക്, ഓസീസിന്‍റെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യയുടെ വിരാട് കോലി, ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍.
ഓള്‍റൗണ്ടര്‍മാരായി ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്ര, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ഇടം നേടി. ഇന്ത്യയുടെ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയയുടെ ആദം സാംപ, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് ബോളര്‍മാര്‍. ടീമിലെ 12-ാമനായാണ് മധുശങ്കയ്‌ക്ക് ഇടം ലഭിച്ചത്.