ധര്‍മ്മശാല:ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023) ദക്ഷിണാഫ്രിക്കയുടെ വിജയക്കുതിപ്പിന് വിരാമമിടാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞിരുന്നു (South Africa vs Netherlands). കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയേും ശ്രീലങ്കയേയും തറപറ്റിച്ചെത്തിയ പ്രോട്ടീസിനെ ധര്‍മ്മശാലയില്‍ 38 റണ്‍സിനാണ് ഓറഞ്ച് പട തറപറ്റിച്ചത്. ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ മൂന്നാമത്തെ മാത്രം വിജയമാണിത്.
പ്രോട്ടീസിനെതിരായ ഡച്ച് വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനികളില്‍ അവരുടെ തന്നെ മുന്‍ താരങ്ങളുമുണ്ടെന്നത് രസകരമായ കാര്യമാണ്. പ്രോട്ടീസിനായി അന്താരാഷ്‌ട്ര തലത്തിലും ജൂനിയര്‍ ലെവലില്‍ ദക്ഷിണാഫ്രിക്കയെ അന്താരാഷ്‌ട്ര തലത്തില്‍ പ്രതിനിധീകരിച്ച് നിലവില്‍ ഡച്ച് ടീമിനായി കളിക്കുന്ന താരങ്ങളെ അറിയാം (South African Origin players who play for the Netherlands in Cricket World Cup 2023)...
റോളോഫ് വാൻഡർ മെർവ് (Roelof van der Merwe):2004-ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ച റോളോഫ് വാൻഡർ മെർവ്, 2009-ല്‍ തന്‍റെ 24-ാം വയസില്‍ ഓസീസിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു സീനിയര്‍ ടീമിനായി അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റ മത്സരത്തില്‍ 48 റണ്‍സും ഒരു വിക്കറ്റും നേടിയ റോളോഫ് വാൻഡർ മെർവ് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് ഒരുവര്‍ഷക്കാലം പ്രോട്ടീസിനായി ഏകദിനത്തിലും ടി20യിലുമായി 26 മത്സരങ്ങളില്‍ താരം കളിക്കാനിറങ്ങി. അവസരങ്ങള്‍ കുറഞ്ഞതോടെ 2015-ലാണ് റോളോഫ് വാൻഡർ മെർവ് ഡച്ച് ടീമിലേക്ക് കൂടുമാറിയത്. പ്രോട്ടീസിനെതിരെ ധര്‍മ്മശാലയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തകര്‍പ്പന്‍ പ്രകടനമായിരുന്നു 38-കാരന്‍ നടത്തിയത്.
ബാറ്റിങ്ങില്‍ ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ താരം 19 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 29 റൺസായിരുന്നു നേടിയത്. പന്തെടുത്തപ്പോഴും വാൻഡർ മെർവ് അപകടകാരിയായി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ, റസ്സി വാൻഡർ ഡസൻ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം പ്രോട്ടീസിന്‍റെ പതനത്തിന് ആക്കം കൂട്ടി. 2015-ല്‍ നെതര്‍ലന്‍ഡ്‌സിനായി ടി20യില്‍ അരങ്ങേറ്റം നടത്തിയെങ്കിലും 2019-ലാണ് താരത്തിന് ഏകദിന ക്യാപ് ലഭിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലും ഓറഞ്ച് പട ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയപ്പോള്‍ വാൻഡർ മെർവിന്‍റെ പ്രകടവും നിര്‍ണായകമായിരുന്നു.
കോളിൻ അക്കർമാൻ (Colin Ackermann): 2010-ലെ അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ വൈസ് ക്യാപ്റ്റനായിരുന്നു കോളിൻ അക്കർമാൻ. എന്നാല്‍ സീനിയര്‍ ടീമില്‍ ഇടം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ഡച്ച്-ദക്ഷിണാഫ്രിക്കൻ ഇരട്ട പൗരത്വമുള്ള താരം നെതർലാൻഡിലേക്ക് കൂടുമാറി.
ഡച്ച് ടീമിനായി 2019-ൽ ടി20 അരങ്ങേറ്റം നടത്തിയ താരം 2021-ലാണ് ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കുന്നത്. ധര്‍മ്മശാലയില്‍ പ്രോട്ടീസിനെതിരെ ബാറ്റുകൊണ്ട് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ബോളിങ്ങില്‍ താരം ക്ഷീണം തീര്‍ത്തു. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ താരം പ്രോട്ടീസ് നിരയില്‍ അപകടകാരിയായ ക്വിന്‍റണ്‍ ഡി കോക്കിനെയാണ് തിരിച്ചയച്ചത്.
റയാൻ ക്ലെയിൻ (Ryan Klein): ഏകദിന ലോകകപ്പില്‍ പ്രോട്ടീസിനെതിരായ മത്സരത്തില്‍ ഡച്ച് ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ റയാൻ ക്ലെയിൻ ഉണ്ടായിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ ജനിച്ച ക്ലെയിന്‍ ഡച്ച് പേസ് യൂണിറ്റില്‍ പ്രധാനിയാണ്. 2021-ൽ നെതർലൻഡിലേക്ക് മാറുന്നതിന് മുമ്പ് 2019-ൽ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ടീമുകളിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും ക്ലീൻ അരങ്ങേറ്റം നടത്തിയിരുന്നു. 2022 ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഡച്ച് ടീമിനായി ഏകദിന അരങ്ങേറ്റം. ഇതേവരെ ടീമിനായി 13 ഏകദിനങ്ങളും രണ്ട് ടി20യും താരം കളിച്ചിട്ടുണ്ട്.
ALSO READ: South Africa vs Netherlands Highlights | ഓറഞ്ച് പടയോട്ടത്തിൽ നിലംതൊടാതെ ദക്ഷിണാഫ്രിക്ക; നെതർലൻഡ്‌സ് വിജയം 38 റൺസിന്