ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്‍റെ മിന്നും ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ മുന്നിലേക്ക് വച്ച 273 റണ്‍സ് വിജയലക്ഷ്യം 90 പന്തുകള്‍ ശേഷിക്കെയായിരുന്നു ടീം ഇന്ത്യ മറികടന്നത് (India vs Afghanistan Match Result). നായകന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.
ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 84 പന്തില്‍ 131 റണ്‍സ് നേടിയാണ് പുറത്തായത്. സ്ഥിരം ശൈലിയില്‍ ബാറ്റ് വീശിയ വിരാട് കോലി 56 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടി. ലോകകപ്പില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണിത്.
ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു വിരാട് കോലിയുടെ ആദ്യ അര്‍ധശതകം പിറന്നത്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ 116 പന്തില്‍ 85 റണ്‍സ് നേടിയാണ് മടങ്ങിയത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ കോലിക്കായിരുന്നു.
അഫ്‌ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ലോകകപ്പുകളില്‍ (ODI World Cup & T20I World Cup) കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ വിരാട് കോലിക്ക് സാധിച്ചു. ഏകദിന, ടി20 ലോകകപ്പുകളിലെ 53 ഇന്നിങ്‌സില്‍ നിന്നും വിരാട് കോലി 2,311 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 45 ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കളിച്ച് നേടിയ 2278 റണ്‍സിന്‍റെ റെക്കോഡാണ് കോലി മറികടന്നത് (Most Runs In Cricket World Cup).
ഏകദിന ലോകകപ്പില്‍ ഇതുവരെ 1170 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. 28 മത്സരങ്ങളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് നേടിയത്. നിലവില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് വിരാട് കോലി.
ടി20 ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ് വിരാട് കോലി (Most Runs In T20I World Cup). 5 ടി20 ലോകകപ്പുകളിലാണ് വിരാട് കോലി ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. ഇതിലെ 27 മത്സരങ്ങളില്‍ നിന്നും 81.50 ശരാശരിയില്‍ 1,141 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട് (Virat Kohli Stats In T20I World Cup).
Also Read :Rohit Sharma Surprass Sachin Tendulkar Century Record: 'ഒന്നാമന്‍ ഹിറ്റ്‌മാന്‍' സെഞ്ച്വറിയും ഒട്ടനവധി റെക്കോഡുകളും, പിന്നിലായത് ഇതിഹാസങ്ങള്‍