മുംബൈ:പാകിസ്ഥാന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനെതിരെ (Mohammad Rizwan) ഐസിസിക്ക് പരാതി. ഹൈദരാബാദില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിസ്‌കരിച്ച സംഭവത്തില്‍ സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ എന്നയാളാണ് ഐസിസിക്ക് പരാതി നല്‍കിയത്. പാക് താരത്തിന്‍റെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനെ നശിപ്പിക്കുന്നതാണെന്നാണ് വിനീത് ജിൻഡാൽ തന്‍റെ പരാതിയില്‍ പറയുന്നത്.
ഇതുവഴി തന്‍റെ മതത്തെ ബോധപൂർവം ചിത്രീകരിക്കാനാണ് താരം ശ്രമം നടത്തിയതെന്നും ഇയാള്‍ തന്‍റെ പരാതിയില്‍ ആരോപിക്കുന്നുണ്ട് (Complaint filed against Mohammad Rizwan for offering Namaz on field during Pakistan vs Netherlands Cricket World Cup 2023 match). തന്‍റെ പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെ അഭിഭാഷകന്‍ പുറത്ത് വിട്ടിട്ടുണ്ട്.
നേരത്തെ ഇന്ത്യയേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പാകിസ്ഥാന്‍ സ്‌പോര്‍ട്‌സ് ചാനല്‍ അവതാരക സൈനബ് അബ്ബാസിനെതിരെ (Zainab Abbas) പരാതി നല്‍കിയ വ്യക്തി കൂടിയാണ് വിനീത് ജിൻഡാൽ. ഇതിന് പിന്നാലെ സൈനബ് അബ്ബാസ് ഇന്ത്യ വിട്ടിരുന്നു. ഇവരുടെ പഴയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ഐസിസി തിരിച്ച് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് സൈനബ് അബ്ബാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. 2014-ലെ തന്‍റെ ട്വീറ്റുകളില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോളുണ്ടായ പ്രതികരണം ഭയപ്പെടുത്തി. അന്ന് നടത്തിയ പരാമര്‍ശങ്ങള്‍ താന്‍ ഇന്ന് ചിന്തിക്കുന്ന മൂല്യങ്ങള്‍ക്ക് യോജിച്ചതല്ല. ഒരു മതത്തില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിച്ചതില്‍ ദുഖിക്കുന്നു. അതുപോലുള്ള അവഹേളനങ്ങള്‍ക്കും ഭാഷയ്ക്കും എവിടെയും സ്ഥാനമില്ല. എന്നായിരുന്നു അവര്‍ എക്‌സിലൂടെ പുറത്തുവിട്ട പ്രസ്‌താനയില്‍ പറഞ്ഞത്.