ഹൈദരാബാദ്: ഏറെ അനിശ്ചിതങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഇന്ത്യയിലേക്ക് എത്തിയ പാകിസ്ഥാന്‍ (Pakistan Cricket Team) കഴിഞ്ഞ രണ്ട് ആഴ്‌ചക്കാലമായി ഹൈദരാബാദിലാണ് ഉണ്ടായിരുന്നത്. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് (Rajiv Gandhi International Stadium ) ബാബര്‍ അസം (Babar Azam) നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ തങ്ങളുടെ സന്നാഹ മത്സരങ്ങളും ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും കളിച്ചത്.
സന്നാഹ മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും തോല്‍വി വഴങ്ങിയ പാക് ടീം ലോകകപ്പിലേക്ക് എത്തിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തകര്‍ത്തിരുന്നു. ഇന്ത്യയ്‌ക്ക് എതിരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ അടുത്ത മത്സരം കളിക്കുന്നത്. ഇതിനായി ഹൈദരാബാദ് വിടും മുമ്പുള്ള ബാബര്‍ അസം ഉള്‍പ്പെടെയുള്ള പാക് താരങ്ങളുടെ പ്രവര്‍ത്തി കയ്യടി നേടുകയാണ്.
ഫോട്ടോയും ജഴ്‌സിയും: ശ്രീലങ്കയ്‌ക്ക് എതിരായ മത്സരം പൂര്‍ത്തിയായ ശേഷം ഹൈദരാബാദിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഫോട്ടോ എടുക്കുകയാണ് പാക് താരങ്ങൾ ചെയ്‌തത്. തന്‍റെ ജഴ്‌സി ഗ്രൗണ്ട് സ്റ്റാഫില്‍ ഒരാള്‍ക്ക് പാക് നായകന്‍ സമ്മാനമായി നല്‍കുകയും ചെയ്‌തു (Babar Azam gifts Pakistan jersey to Hyderabad ground staff). ഐസിസി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇതിന്‍റെ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.
ബാബറിനെ കൂടാതെ ഷഹീൻ ഷാ അഫ്രീദി Shaheen shah Afridi, ഹാരിസ് റൗഫ് Haris Rauf, ഹസൻ അലി Hasan Ali, മുഹമ്മദ് റിസ്‌വാൻ Muhammad Rizwan എന്നിവരും ഹൈദരാബാദിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തിരുന്നു. രാഷ്‌ട്രീയ കാരണങ്ങളാല്‍ പരസ്‌പരം ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. ഇക്കാരണത്താല്‍ തന്നെ ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് പാക് ടീം അയല്‍ രാജ്യത്തേക്ക് എത്തിയത്.