ലഖ്‌നൗ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 210 റണ്‍സിന്‍റെ വിജയ ലക്ഷ്യം (Australia vs Sri Lanka Score Updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 82 പന്തില്‍ 78 റണ്‍സെടുത്ത കുശാൽ പെരേരയാണ് (Kusal Perera) ലങ്കയുടെ ടോപ് സ്‌കോറര്‍.
പാത്തും നിസ്സാങ്കയും (67 പന്തില്‍ 61) തിളങ്ങി. മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ചരിത് അസലങ്കയുടെ (39 പന്തില്‍ 25) ചെറുത്ത് നില്‍പ്പാണ് ലങ്കയെ കഷ്‌ടിച്ച് 200 കടത്തിയത്. ലങ്കന്‍ നിരയില്‍ മറ്റൊരു താരവും രണ്ടക്കം തൊട്ടിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കായി ആദം സാംപ (Adam Zampa) നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീതമുണ്ട്.
ഓപ്പണര്‍മാരായ പാത്തും നിസ്സാങ്കയും കുശാൽ പെരേരയും മോഹിച്ച തുടക്കമായിരുന്നു ലങ്കയ്‌ക്ക് നല്‍കിയത്. എന്നാല്‍ ഇരുവരും മടങ്ങിയതോടെ തുടര്‍ന്നെത്തിയവര്‍ക്ക് ഇതു മുതലാക്കാന്‍ കഴിഞ്ഞില്ല. പാത്തും നിസ്സാങ്കയും കുശാൽ പെരേരയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 125 റണ്‍സാണ് ലങ്കന്‍ ടോട്ടലില്‍ ചേര്‍ത്തത്.
22-ാം ഓവറിന്‍റെ നാലാം പന്തില്‍ നിസ്സാങ്കയെ ഡേവിഡ് വാര്‍ണറുടെ കയ്യിലെത്തിച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ കമ്മിന്‍സിന്‍റെ പന്തില്‍ ബൗള്‍ഡൗയി കുശാല്‍ പെരേര മടങ്ങുമ്പോള്‍ 26.2 ഓവറില്‍ 157 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക.
തുടര്‍ന്ന് ആദം സാംപ കളം പിടിച്ചതോടെ ശ്രീലങ്കയുടെ കൂട്ടത്തകര്‍ച്ചയാണ് കാണാന്‍ കഴിഞ്ഞത്. കുശാല്‍ മെന്‍ഡിസിനെ (13 പന്തില്‍ 9) വീഴ്‌ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ആദം സാംപ അധികം വൈകാതെ സദീര സമരവിക്രമയേയും (8 പന്തില്‍ 8) തിരിച്ചയച്ചു. ചരിത് അസലങ്ക ഒറ്റത്ത് പിടിച്ചുനിന്നെങ്കിലും ധനഞ്ജയ ഡി സിൽവയെ (13 പന്തില്‍ 7) മിച്ചല്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കുകയും ദുനിത് വെല്ലലഗെ (9 പന്തില്‍ 2) റണ്ണൗട്ടാവുകയും ചെയ്‌തു.
ചാമിക കരുണരത്‌നെ (11 പന്തില്‍ 2), മഹീഷ് തീക്ഷണ (5 പന്തില്‍ 0) എന്നിവരെ കൂടെ സാംപ ഇരയാക്കിയതോടെ ലങ്ക 39.2 ഓവറില്‍ എട്ടിന് 199 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. ലഹിരു കുമാരയ്‌ക്കും (8 പന്തില്‍ 4) പിന്നാലെ ചരിത് അസലങ്കയുടെ ചെറുത്ത് നില്‍പ്പും അവസാനിച്ചതോടെ ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ദിൽഷൻ മധുശങ്ക (6 പന്തില്‍ 0) പുറത്താവാതെ നിന്നു.
ALSO READ: Australia vs Sri Lanka രണ്ട് തവണ ബോളിങ് നിര്‍ത്തി, കുശാൽ പെരേരയ്‌ക്ക് മുന്നറിയിപ്പ്, പക്ഷെ.. രണ്ടാം തവണ സ്റ്റാര്‍ക്കിന് പിഴച്ചു
ശ്രീലങ്ക (പ്ലേയിങ് ഇലവൻ ): പാത്തും നിസ്സാങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ലഹിരു കുമാര, ദിൽഷൻ മധുശങ്ക.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസൽവുഡ്.