ബെംഗളൂരു:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 367 റണ്‍സാണ് നേടിയത്. ഡേവിഡ് വാര്‍ണറും David Warner ബെര്‍ത്ത് ഡേ ബോയ് മിച്ചല്‍ മാര്‍ഷും mitchell marsh ചേര്‍ന്നാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
124 പന്തില്‍ 163 റണ്‍സെടുത്ത വാര്‍ണറാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 108 പന്തില്‍ 121 റണ്‍സാണ് മാര്‍ഷ് നേടിയത്. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഗംഭീര തുടക്കമാണ് ഓസീസിന് നല്‍കിയത്. പാകിസ്ഥാന്‍ ബോളമാരെ, പ്രത്യേകിച്ച് ഹാരിസ് റൗഫിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 259 റണ്‍സായിരുന്നു ഓസീസ് ടോട്ടലില്‍ ചേര്‍ത്തത്.
ചിന്നസ്വാമിയിലെ ബാറ്റിങ് പറുദീസയില്‍ പതിഞ്ഞ് തുടങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ വെടിക്കെട്ടായി മാറുകയായിരുന്നു. അഞ്ചാം ഓവറില്‍ വെറും 10 റണ്‍സെടുത്ത് നില്‍ക്കെ വാര്‍ണറെ പുറത്താനുള്ള സുവര്‍ണാവസരം പാകിസ്ഥാന് ലഭിച്ചിരുന്നു. മിഡ് ഓണില്‍ താരം നല്‍കിയ അനായാസ ക്യാച്ച് ഉസാമ മിര്‍ നിലത്തിട്ടു. ഇതിനുള്ള വിലയാണ് പാക് ടീമിന് പിന്നീട് നല്‍കേണ്ടി വന്നത്.
ഇന്നിങ്‌സിന്‍റെ ഒമ്പതാം ഓവറിലാണ് ഹാരിസ് റൗഫിനെ പാക് നായകന്‍ ബാബര്‍ അസം ആദ്യമായി പന്തേല്‍പ്പിക്കുന്നത്. വാര്‍ണറും മാര്‍ഷും ചേര്‍ന്ന് ആക്രമണം കടുപ്പിച്ചതോടെ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 24 റണ്‍സായിരുന്നു റൗഫിന് തന്‍റെ ആദ്യ ഓവറില്‍ വഴങ്ങേണ്ടി വന്നത്. ഓസീസ് സ്‌കോര്‍ 100 കടന്ന 13-ാം ഓവറില്‍ വാര്‍ണര്‍ 39 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ചു.