ബെംഗളൂരു:പാകിസ്ഥാന്‍റെ പേസ് യൂണിറ്റില്‍ പ്രധാനിയായി ഏകദിന ലോകകപ്പിന് (Cricket World Cup 2023) എത്തിയ താരമാണ് ഹാരിസ് റൗഫ് (Haris Rauf). എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ (Australia vs Pakistan) മത്സരത്തില്‍ തന്‍റെ ആദ്യ ഓവര്‍ 24 റണ്‍സാണ് ഹാരിസ് റൗഫ് വഴങ്ങിയത്. ബാറ്റിങ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (David Warner) മിച്ചല്‍ മാര്‍ഷും (Mitchell Marsh ) ചേര്‍ന്നായിരുന്നു പാക് പേസറെ പഞ്ഞിക്കിട്ടത്.
ഓസീസ് ഇന്നിങ്‌സിന്‍റെ ഒമ്പതാമത്തെ ഓവറിലാണ് ഹാരിസ് റൗഫിനെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യമായി പന്തേല്‍പ്പിക്കുന്നത്. ഡേവിഡ് വാര്‍ണറായിരുന്നു സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. റൗഫിന്‍റെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച വാര്‍ണര്‍ രണ്ടാം പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്‌സറിനും തൂക്കി. 98 മീറ്റർ ദൂരം പറന്ന പന്ത് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ ഇടിച്ചാണ് ഗ്രൗണ്ടിലേക്ക് തിരികെ വന്നത്.
മൂന്നാം പന്തില്‍ വാര്‍ണര്‍ സിംഗിളെടുത്തതോടെ മിച്ചല്‍ മാര്‍ഷ് സ്‌ട്രൈക്കിലേക്ക്. മാര്‍ഷിനെതിരെ ആദ്യ പന്ത് വൈഡാണ് റൗഫ് എറിഞ്ഞത്. തുടര്‍ന്നുള്ള മൂന്ന് പന്തുകളും മാര്‍ഷ് അതിര്‍ത്തിയിലേക്ക് പായിച്ചതോടെ റൗഫിന്‍റെ മുഖം വാടിത്തളര്‍ന്നു. ഇതോടെ ഏകദിന ലോകകപ്പില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാകിസ്ഥാന്‍ ബോളര്‍മാരുടെ പട്ടികയില്‍ മൂന്നാമനായും ഹാരിസ് റൗഫ് മാറി (Haris Rauf bowls the third most expensive over by a Pakistan bowler in Cricket World Cup history).