ധര്‍മ്മശാല:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 49.2 ഓവറില്‍ 388 റണ്‍സെടുത്ത് ഓള്‍ഔട്ടായി (Australia vs New Zealand Score Updates). ട്രാവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവര്‍ അടിത്തറയൊരുക്കിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍സ് (14 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിച്ചത്.
ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ്, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ധര്‍മ്മശാലയില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓസീസിന് വെടിക്കെട്ട് തുടക്കം നല്‍കിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ലാഥത്തിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.
കിവീസ് ബോളര്‍മാരെ തല്ലിക്കൂട്ടിയ ഇരുവരും ചേര്‍ന്ന് ഒമ്പതാം ഓവറില്‍ തന്നെ ഓസീസിനെ നൂറ് കടത്തി. വെറും 19.1 ഓവറില്‍ 175 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരേയും വേര്‍പിരിക്കാന്‍ കിവീസിന് കഴിഞ്ഞത്. വാര്‍ണറെ ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു.
അഞ്ച് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷ് താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെങ്കിലും ഒരറ്റത്ത് അടി തുടര്‍ന്ന ഹെഡ് 59 പന്തുകളില്‍ നിന്നും സെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ അധികം വൈകാതെ ഫിലിപ്‌സിന്‍റെ പന്തില്‍ ബൗള്‍ഡായി ഹെഡ് മടങ്ങി. 10 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമാണ് താരം നേടിയത്.