പൂനെ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച സ്‌കോര്‍ നേടി ബംഗ്ലാദേശ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 306 റൺസാണ് അടിച്ചത് (Australia vs Bangladesh Score Updates). 79 പന്തുകളില്‍ നിന്നും 74 റൺസെടുത്ത തൗഹീദ് ഹൃദോയ് (Towhid Hridoy) ആണ് ടീമിന്‍റെ ടോപ് സ്കോറർ.
ഓസ്‌ട്രേലിയയ്‌ക്കായി സീന്‍ ആബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത് ഓപ്പണര്‍മാരായ തൻസിദ് ഹസനും ലിറ്റണ്‍ ദാസും മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. 12-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ തൻസിദ് ഹസനെ (34 പന്തില്‍ 36) മടക്കിയ സീന്‍ ആബോട്ടാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്.
ക്യാപ്റ്റന്‍ നജ്‌മുള്‍ ഹുസൈൻ ഷാന്‍റോയ്‌ക്കൊപ്പം 30 റണ്‍സ് ചേര്‍ത്തതിന് ശേഷം ലിറ്റണ്‍ ദാസും (45 പന്തില്‍ 36) വീണു. ആദം സാംപയ്‌ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ തൗഹീദ് ഹൃദോയ്‌ക്കൊപ്പം മികച്ച രീതിയിലാണ് നജ്‌മുള്‍ ഹുസൈൻ ഷാന്‍റോ കളിച്ചത്.
എന്നാല്‍ 28-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഷാന്‍റോ (57 പന്തില്‍ 45) റണ്ണൗട്ടായി. പിന്നീടെത്തിയവര്‍ക്കൊപ്പം നല്ല കൂട്ടുകെട്ട് തീര്‍ക്കാന്‍ തൗഹീദ് ഹൃദോയ്ക്ക് കഴിഞ്ഞതാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ചത്. മഹ്മൂദുള്ളയ്‌ക്കൊപ്പം 44 റണ്‍സും, മുഷ്‌ഫിഖര്‍ റഹീമിനൊപ്പം 37 റണ്‍സും മെഹിദി ഹസൻ മിറാസിനൊപ്പം 35 റണ്‍സും ബംഗ്ലാ ടോട്ടലില്‍ ചേര്‍ത്താണ് തൗഹീദ് ഹൃദോയ് തിരികെ കയറിയത്.