ന്യൂഡല്‍ഹി :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടെ ഉണ്ടായ ടൈം ഔട്ട് വിവാദം കെട്ടടങ്ങിയിട്ടില്ല. നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നതോടെ ശ്രീലങ്കയുടെ വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനാണ് ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ തിരികെ മടങ്ങേണ്ടി വന്നത് (Angelo Mathews timed out in Sri Lanka vs Bangladesh Cricket World Cup 2023 match).
ഏകദിന ലോകകപ്പ് 2023-ന്‍റെ പ്ലെയിങ് കണ്ടിഷന്‍ അനുസരിച്ച് ഒരു ബാറ്റര്‍ വിക്കറ്റാവുകയോ മറ്റ് കാരണത്താല്‍ പുറത്തുപോവുകയോ ചെയ്‌താല്‍ പകരമെത്തുന്ന കളിക്കാരന്‍ രണ്ട് മിനിട്ടിനകം ആദ്യം പന്ത് നേരിടേണ്ടതുണ്ട്. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നത്തെ തുടര്‍ന്ന് ഈ സമയം പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാത്യൂസ് ടൈം ഔട്ടായത്. ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ മാത്യൂസിന്‍റെ ഹെല്‍മറ്റിന്‍റെ സ്‌ട്രാപ്പ് പൊട്ടി.
ഇതോടെ പകരമൊരു ഹെല്‍മറ്റ് എത്തിക്കാന്‍ റിസര്‍വ് താരത്തോട് മാത്യൂസ് ആവശ്യപ്പെട്ടുവെങ്കിലും ഇത് എത്താന്‍ വൈകി. ഇതിനിടെ ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെയാണ് അമ്പയര്‍ ഔട്ട് വിധിച്ചത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തങ്ങളുടെ ഫീല്‍ഡര്‍മാരില്‍ ഒരാളാണ് നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് എടുക്കാത്തതിനാല്‍ മാത്യൂസ് ഔട്ടാവുമെന്ന കാര്യം തന്നെ ഓര്‍മ്മിപ്പിച്ചതെന്ന് ഷാകിബ് (Shakib Al Hasan) പ്രതികരിച്ചിരുന്നു. അതിന് ശേഷമായിരുന്നു താന്‍ അമ്പയറോട് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തതെന്നുമായിരുന്നു ബംഗ്ലാ നായകന്‍റെ വാക്കുകള്‍. എന്നാല്‍ ആരാണ് ടൈം ഔട്ട് നിയമത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന കാര്യം ഷാകിബ് വെളിപ്പെടുത്തിയിരുന്നില്ല.