പൂനെ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്ക് എതിരെ അഫ്‌ഗാനിസ്ഥാന് 242 റണ്‍സിന്‍റെ വിജയ ലക്ഷ്യം (Afghanistan vs Sri Lanka Score Updates). ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി.
60 പന്തില്‍ 46 റണ്‍സെടുത്ത പാത്തും നിസ്സാങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ് (50 പന്തില്‍ 39), സദീര സമരവിക്രമ (40 പന്തില്‍ 36) എന്നിവര്‍ക്ക് പുറമെ വാലറ്റത്ത് എയ്‌ഞ്ചലോ മാത്യൂസും (26 പന്തില്‍ 23) മഹേഷ് തീക്ഷണയും (31 പന്തില്‍ 29) നടത്തിയ ചെറുത്ത് നില്‍പ്പും ടീമിന് നിര്‍ണായകമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ അഫ്‌ഗാന്‍ ബോളര്‍മാരുടെ പ്രകടനമാണ് ശ്രീലങ്കയെ പിടിച്ച് കെട്ടിയത്.
അഫ്‌ഗാനിസ്ഥാനായി ഫസല്‍ഹഖ് ഫാറൂഖി 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഓപ്പണര്‍മാരായ പാത്തും നിസ്സാങ്കയും ദിമുത് കരുണരത്നെയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 22 റണ്‍സാണ് നേടിയത്. ദിമുത് കരുണരത്നെയെ (21 പന്തില്‍ 15) ഫസല്‍ഹഖ് ഫാറൂഖി വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ആറാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്.
ക്യാപ്റ്റന്‍ കുശാൽ മെൻഡിസിനൊപ്പം മികച്ച രീതിയില്‍ കളിച്ച നിസ്സാങ്കയെ 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ അസ്‌മത്തുള്ള ഒമർസായിയും മടക്കി. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. പിന്നീട് സദീര സമരവിക്രമയ്‌ക്കൊപ്പം 50 റണ്‍സ് കണ്ടത്തിയതിന് പിന്നാലെ കുശാല്‍ മെന്‍ഡിസും വീണു.
മുജീബ് ഉർ റഹ്മാനായിരുന്നു വിക്കറ്റ്. വൈകാതെ സദീരയെയും മുജീബ് തിരിച്ച് കയറ്റി. തുടര്‍ന്ന് ഒന്നിച്ച ചരിത് അസലങ്ക- ധനഞ്ജയ ഡി സിൽവ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. 28 റണ്‍സ് പിന്നിട്ട ഇരുവരുടേയും കൂട്ടുകെട്ട് ധനഞ്ജയ ഡി സിൽവയെ (26 പന്തില്‍ 14) ബൗള്‍ഡാക്കി റാഷിദ് ഖാനാണ് പൊളിച്ചത്. പിന്നാലെ ചരിത് അസലങ്കയെ (28 പന്തില്‍ 22) ഫസല്‍ഹഖ് ഫാറൂഖി തിരിച്ചയച്ചതോടെ ലങ്ക 38.5 ഓവറില്‍ ആറിന് 180 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. ദുഷ്മന്ത ചമീരയ്‌ക്ക് (4 പന്തില്‍ 1) പിടിച്ച് നില്‍ക്കാനാവാതെ വന്നതോടെ ടീം കൂടുതല്‍ പരുങ്ങി.
എന്നാല്‍ എട്ടാം വിക്കറ്റില്‍ പൊരുതിക്കളിച്ച എയ്‌ഞ്ചലോ മാത്യൂസും മഹേഷ് തീക്ഷണയും 45 റണ്‍സ് ചേര്‍ത്തു. മഹേഷ് തീക്ഷണയെ ബൗള്‍ഡാക്കി ഫസല്‍ഹഖാണ് വീണ്ടും അഫ്‌ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. അധികം വൈകാതെ എയ്‌ഞ്ചലോ മാത്യൂസിനെയും മടക്കിയ താരം നാല് വിക്കറ്റ് തികച്ചു. അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ കസുൻ രജിത (7 പന്തില്‍ 5) റണ്ണൗട്ടായി. ദിൽഷൻ മധുശങ്ക (4 പന്തില്‍ 0) പുറത്താവാതെ നിന്നു.
ALSO READ: Nathan Lyon Predicts Cricket World Cup 2023 Finalists ഫൈനലില്‍ ഓസീസുണ്ടാവും; എന്നാല്‍ വിജയം മറ്റൊരു ടീമിന്, ലോകകപ്പ് ചാമ്പ്യന്മാരെ പ്രവചിച്ച് ലിയോണ്‍
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ്(സി), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, എയ്‌ഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
അഫ്‌ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി(സി), അസ്‌മത്തുള്ള ഒമർസായി, ഇക്രാം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫസൽഹഖ് ഫാറൂഖി.