അഹമ്മദാബാദ്:ഏകദിന ലോകകപ്പിന്‍റെ ഫൈനല്‍ അരങ്ങേറാനിരിക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തങ്ങളുടെ അവസാന മത്സരം കളിച്ച് മടങ്ങി അഫ്‌ഗാനിസ്ഥാന്‍. സെമിയിലേക്കുള്ള സാധ്യതകള്‍ വീണുടഞ്ഞെങ്കിലും ദക്ഷിണാഫ്രിക്കയെ കൂടി മലര്‍ത്തിയടിച്ച് അട്ടിമറി കഥകള്‍ പറഞ്ഞ് മടങ്ങാമെന്നുള്ള അഫ്‌ഗാന്‍ പ്രതീക്ഷകള്‍ കൂടിയാണ് ഇതോടെ ഇല്ലാതായത്. അതേസമയം അഫ്‌ഗാന്‍റെ യാത്രയയപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് അവര്‍ ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം പ്രോട്ടീസ് അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
നയം വ്യക്തമാക്കി തുടക്കം:അഫ്‌ഗാനെയും മറികടന്ന് സെമി പോരാട്ടത്തിലേക്കുള്ള യാത്ര ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങിനിറങ്ങിയത്. ഇതിനായി ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡി കോക്കും നായകന്‍ ടെമ്പ ബാവുമയും ക്രീസിലെത്തി. പവര്‍ പ്ലേയില്‍ ഇരുവരും മികച്ച ബാറ്റിങ് തന്നെയാണ് പുറത്തെടുത്തത്. എന്നാല്‍ 11 ആം ഓവറിലെ അവസാന പന്തില്‍ ബാവുമയെ മുജീബുര്‍ റഹ്‌മാന്‍ മടക്കിയയച്ചു. 28 പന്തില്‍ 23 റണ്‍സുമായി നിന്ന ബാവുമയുടെ മടക്കം റഹ്‌മാനുള്ള ഗുര്‍ഭാസിന്‍റെ കൈകളില്‍ ഒതുങ്ങിയായിരുന്നു.
തൊട്ടുപിന്നാലെ റസ്സി വാന്‍ ഡര്‍ ഡസ്സന്‍ ക്രീസിലെത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് എഴുതിച്ചേര്‍ക്കും മുമ്പേ ക്വിന്‍റന്‍ ഡി കോക്ക് മടങ്ങി. നേരിട്ട 47 പന്തില്‍ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളുമായി 41 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ തുറുപ്പുചീട്ടിന്‍റെ സമ്പാദ്യം.
ഡസ്സന്‍റെ ബാറ്റും, ടീമിന്‍റെ വിജയവും:പിറകെ എയ്‌ഡന്‍ മാര്‍ക്രം ബാറ്റുമായെത്തി. ക്രീസിലുണ്ടായിരുന്ന വാന്‍ ഡര്‍ ഡസ്സനുമായി മികച്ച കൂട്ടുകെട്ട് സൃഷ്‌ടിച്ചുവെങ്കിലും 24 ആം ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്രത്തെ മടക്കി റാഷിദ് ഖാന്‍ അഫ്‌ഗാന് സമാശ്വാസ വിക്കറ്റെത്തിച്ചു. തൊട്ടുപിന്നാലെയെത്തിയ ഹെന്‍റിച്ച് ക്ലാസന്‍ (13 പന്തില്‍ 10 റണ്‍സ്), ഡേവിഡ് മില്ലര്‍ (33 പന്തില്‍ 24 റണ്‍സ്), ആൻഡിലെ ഫെലുക്‌വായോ (37 പന്തില്‍ പുറത്താവാതെ 39 റണ്‍സ്) എന്നിവരെ കൂട്ടി വാന്‍ ഡര്‍ ഡസ്സന്‍ ദക്ഷിണാഫ്രിക്കയെ വിജയതീരത്തേക്ക് അടുപ്പിച്ചു. 95 പന്തില്‍ സിക്‌സറും ആറ് ബൗണ്ടറികളുമുള്‍പ്പടെ 76 റണ്‍സായിരുന്നു താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. അതേസമയം അഫ്‌ഗാനിസ്ഥാനായി റാഷിദ് ഖാന്‍, മൊഹമ്മദ് നബി എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.
Also Read: സര്‍ക്കാര്‍ ഇടപെടല്‍ കണ്ടെത്തി ; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്‌ത് ഐസിസി