ലഖ്നൗ : നെതര്‍ലന്‍ഡ്സിന് നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് സമ്മാനിച്ച് അഫ്ഗാനിസ്ഥാന്. മുന്‍ മത്സരങ്ങളില്‍ നിര്‍ണായക അട്ടിമറികള്‍ സാധ്യമാക്കി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ അഫ്ഗാന് പട, നെതര്‍ലന്‍ഡ്സിനെ കൂടി തളച്ചാണ് സെമി പോരാട്ടത്തിന്റെ സ്ലോട്ടിനായുള്ള ഓട്ടം തുടങ്ങിയത്. നെതര്‍ലന്‍ഡ്സ് 46.3 ഓവറില്‍ വിക്കറ്റുകളെല്ലാം നഷ്ടപ്പെടുത്തി മുന്നില്‍വച്ച 179 റണ്‍സ്, കേവലം ഏഴ് വിക്കറ്റുകള്‍ അവശേഷിക്കെ 32-ാം ഓവറില്‍ തന്നെ അഫ്ഗാന് മറികടക്കുകയായിരുന്നു.
ഡച്ച് പടയോടുള്ള പോരാട്ടത്തിന് ശേഷം ഏഴ് കളികളില്‍ നാല് വിജയവുമായി അഫ്ഗാന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന പാകിസ്ഥാന്- ന്യൂസിലന്‍ഡ് പോരാട്ടം അഫ്ഗാനും നിര്‍ണായകമാണ്. അതേസമയം ടൂര്‍ണമെന്റില്‍ കാണികളെ ആവേശത്തിലാക്കുന്ന അട്ടിമറികളും തട്ടുപൊളിപ്പന്‍ ജയങ്ങളുമായാണ് അഫ്ഗാന് എന്ന കറുത്ത കുതിരകളുടെ പ്രയാണം.
മത്സരത്തിന് മുമ്പേ ജയിച്ച് അഫ്ഗാന് :ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്സിനായി മുന്നേറ്റനിര ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയ പ്രധാനപ്പെട്ട താരങ്ങളെല്ലാം റണ്ണൗട്ടില്‍ കുരുങ്ങിയതാണ് ടീമിനെ 179 റണ്‍സിലൊതുക്കിയത്. ഇതോടെ തന്നെ മത്സരത്തിന്റെ ഏകദേശ ഫലവും തെളിഞ്ഞിരുന്നു. അതേസമയം ഡച്ച് പടയുടെ വിജയലക്ഷ്യം മറികടക്കാന്‍ അഫ്ഗാനിസ്ഥാനായി റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനുമാണ് ആദ്യമായി ക്രീസിലെത്തിയത്.
ഓപ്പണര്‍മാരില്‍ അഫ്ഗാന് ആരാധകര്‍ മികച്ച പ്രതീക്ഷ വച്ചിരുന്നുവെങ്കിലും ഇത് അത്രകണ്ട് ക്രീസില്‍ കണ്ടില്ല. ആറാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസിനെ (10) മടക്കി ലോഗന് വാന്‍ ബീക്ക് നെതര്‍ലന്‍ഡ്സിന് ആദ്യ ബ്രേക്ക് ത്രൂ നല്കി. ഡച്ച് നായകനും വിക്കറ്റ് കീപ്പറുമായ സ്കോട്ട് എഡ്വാഡ്സിന്റെ കൈകളില്‍ ഒതുങ്ങിയായിരുന്നു ഗുര്‍ബാസിന്റെ മടക്കം. എന്നാല്‍ തൊട്ടുപിന്നാലെ അഫ്ഗാന് പ്രതീക്ഷകള്‍ ചുമലിലേറ്റി റഹ്മത്ത് ഷാ ക്രീസിലെത്തി.