മുംബൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ എന്ന വിശേഷണം ഇതിനകം തന്നെ സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ (Jasprit Bumrah). ലോകത്തെ ഏതൊരു ബാറ്ററേയും വെല്ലുവിളിക്കുന്ന പ്രകടനം നിരവധി തവണയാണ് ബുംറ നടത്തിയിട്ടുള്ളത്. നിലവില്‍ ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമാണ് 29-കാരനായ ജസ്‌പ്രീത് ബുംറ നടത്തുന്നത്.
ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനില്‍കിയ താരം രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ താരവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch) നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാവുകയാണ്.
ജസ്‌പ്രീത് ബുംറ ഉയര്‍ത്തുന്ന വെല്ലുവിളി ഒരു ബാറ്റര്‍ക്ക് എങ്ങനെ നേരിടാമെന്ന ചോദ്യത്തോട്, 'ഞാൻ ചെയ്തതുപോലെ വിരമിക്കുക' എന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ ആരോണ്‍ ഫിഞ്ച് പ്രതികരിച്ചത്. തന്‍റെ തന്ത്രങ്ങള്‍ എങ്ങനെ എപ്പോള്‍ പ്രയോഗിക്കണമെന്ന തിരിച്ചറിവുള്ള താരമാണ് ബുംറ. ഇക്കാരണത്താലാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ പോലും സ്ഥിരമായി പുറത്താക്കാന്‍ താരത്തിന് കഴിയുന്നതെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു (Aaron Finch on Jasprit Bumrah).
പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ജസ്പ്രീത് ബുംറയെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സെലക്‌ടര്‍മാര്‍ തിരികെ എത്തിച്ചത്. 2022 സെപ്‌റ്റംബര്‍ മുതല്‍ക്കായിരുന്നു ബുംറ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. മുതുകിനേറ്റ പരിക്കായിരുന്നു താരത്തിന് തിരിച്ചടിയായത്.