മുംബൈ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ പേസര്‍മാരുടെ മികവിന് പിന്നില്‍ ടീമിന് മാത്രം 'പ്രത്യേക ബോള്‍' നല്‍കുന്നതാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ രംഗത്ത് എത്തിയിരുന്നു. ഒരു പാകിസ്ഥാന്‍ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കെയായിരുന്നു ഹസന്‍ റാസ പ്രസ്‌തുത ആരോപണം ഉന്നയിച്ചത്. ഇപ്പോഴിതാ പാക് താരത്തിനും പ്രസ്‌തുത ഷോയ്‌ക്കും എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra Against Hasan Raza).
നടന്നത് 'ആക്ഷേപഹാസ്യ' പരിപാടി ആണെങ്കില്‍ അക്കാര്യം എഴുതിവച്ചാല്‍ കൊള്ളാമെന്നാണ് പ്രസ്‌തുത ചര്‍ച്ചയുടെ വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് ആകാശ് ചോപ്ര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
"ഇതൊരു സീരിയസ് ക്രിക്കറ്റ് ഷോ ആണോ?. അല്ലെങ്കിൽ, ദയവായി എവിടെയെങ്കിലും ഇംഗ്ലീഷിൽ ‘ആക്ഷേപഹാസ്യം’ അല്ലെങ്കില്‍ ‘കോമഡി’ പരിപാടി എന്ന് എഴുതി വയ്‌ക്കൂ. എനിക്ക് തോന്നുന്നത് ഒരു പക്ഷേ ഉറുദുവില്‍ എഴുതിയിട്ടുണ്ടാവും എന്നാണ്. നിര്‍ഭാഗ്യവശാല്‍, എനിക്ക് അത് വായിക്കാനോ മനസിലാക്കാനോ കഴിയില്ല" - ആകാശ് ചോപ്ര എക്‌സില്‍ വ്യക്തമാക്കി.
ഏകദിന ലോകകപ്പിലെ മത്സര ഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും തരത്തിലുള്ള കള്ളക്കളി നടക്കുന്നുണ്ടോയെന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഹസന്‍ റാസയുടെ വിചിത്ര ആരോപണം. "ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മാത്രം ഏറെ സീമും സ്വിങ്ങും ലഭിക്കുന്നുണ്ട്. അതിനാല്‍ അവര്‍ക്ക് പന്തെറിയാന്‍ പ്രത്യേക പന്താണ് നല്‍കുന്നത്.