ഓക്‌ലന്‍ഡ് : വനിത ലോകകപ്പില്‍ അഞ്ചാം മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ അവസാന ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്.
ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം പിടിച്ചത്. സ്‌കോര്‍: ഇന്ത്യ -277/7 (50), ഓസ്‌ട്രേലിയ -280/4 (49.3).
107 പന്തില്‍ 97 റണ്‍സെടുത്ത മെഗ് ലാന്നിങ്ങാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മികച്ച കൂട്ടുകെട്ടുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 19.2 ഓവറില്‍ 121 റണ്‍സാണ് അലിസ ഹീലി -റേച്ചല്‍ ഹൈനസ് സഖ്യം ഓസീസ് ടോട്ടലിലേക്ക് ചേര്‍ത്തത്.
അലിസ ഹീലി 65 പന്തില്‍ 72 റണ്‍സും റേച്ചല്‍ ഹൈനസ് 53 പന്തില്‍ 43 റണ്‍സുമെടുത്തു. രണ്ട് ഓവറിനിടെ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്ത മെഗ് ലാന്നിങ് - എല്ലിസ പെറി സഖ്യം ഓസീസിനെ കളിയില്‍ തിരിച്ചെത്തിച്ചു.
42ാം ഓവറിന്‍റെ മൂന്നാം പന്തില്‍ 51 ബോളില്‍ 28 റണ്‍സെടുത്ത പെറി പുറത്തായി. തുടര്‍ന്നെത്തിയ ബെത്ത് മൂണിക്കൊപ്പം നാലാം വിക്കറ്റില്‍ 44 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ലാന്നിങ് വിജയത്തിന് എട്ട് റണ്‍സകലെ വീണു. എന്നാല്‍ 20 പന്തില്‍ 30 റണ്‍സെടുത്ത ബെത്ത് മൂണി വിജയമുറപ്പിച്ച് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് അര്‍ധ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ (57*), മിതാലി രാജ് (68), യാസ്‌തിക ഭാട്ടിയ (59) എന്നിവരുടെ പ്രകടനമാണ് തുണയായത്. അവസാന വിക്കറ്റിൽ 28 പന്തിൽ 34 റൺസ് നേടിയ പൂജ വസ്‌ത്രാക്കറുടെ പ്രകടനവും നിർണായകമായി.
also read: ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെലും വിവാഹിതരായി
സ്‌മൃതി മന്ദാന (10), ഷഫാലി വര്‍മ (12), റിച്ച ഘോഷ് (8), സ്നേഹ റാണ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ഓസ്ട്രേലിയക്കായി ഡാര്‍സി ബ്രൗണ്‍ മൂന്നും അലാന കിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
വിജയത്തോടെ അഞ്ചില്‍ അഞ്ചും ജയിക്കാന്‍ ഓസീസിനായി. 10 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഓസീസുള്ളത്. അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.