മൗണ്ട് മോംഗനൂയി (ന്യൂസിലൻഡ്): തന്‍റെ അവസാന ലോകകപ്പിൽ ഇന്ത്യയ്‌ക്കായി കന്നി കിരീടം സ്വന്തമാക്കാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്. ഇംഗ്ലണ്ടിനെ കിരീടത്തിലെത്തിക്കാമെന്ന് ഹീതർ നൈറ്റ് പ്രതീക്ഷിക്കുന്നു. മെഗ് ലാനിങ് ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിക്കുമെന്ന് അവരും ആഗ്രഹിക്കുന്നു.
കൊവിഡ് കാരണം ഒരു വർഷത്തേക്ക് മാറ്റിവച്ച ക്രിക്കറ്റ് വനിത ലോകകപ്പ് ടൂർണമെന്‍റ് ന്യൂസിലൻഡില്‍ ആറ് വേദികളിലായി നടക്കും. ടീമുകൾ കർശനമായ ബയോ ബബിളിൽ തുടരണമെന്ന് ഐസിസി അറിയിച്ചു. ലീഗ് ഫോർമാറ്റിൽ എട്ട് ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ആദ്യ നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും.
നാളെ (04.03.22) രാവിലെ 6.30ന് ആതിഥേയരായ ന്യൂസിലൻഡ് ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. കഴിഞ്ഞ തവണയും 2005ലും റണ്ണേഴ്‌സ് അപ്പായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെയാണ് ആദ്യ മത്സരത്തിൽ നേരിടുക. ആറ് കിരീടങ്ങളുമായി ഏറ്റവും തവണ ജേതാക്കളായ ഓസ്‌ട്രേലിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ഏപ്രില്‍ മൂന്നിന് ക്രൈസ്‌റ്റ്‌ചർച്ചിലാണ് ഫൈനല്‍.
ടൂർണമെന്‍റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ;
ഓസ്‌ട്രേലിയ
2017-ൽ ഇന്ത്യയോടേറ്റ ഞെട്ടിക്കുന്ന സെമിഫൈനൽ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് തങ്ങളുടെ ഏഴാം കിരീടത്തിനായുള്ള വരവാണ്. തങ്ങളുടെ അവസാന 30 മത്സരങ്ങളിൽ ഒരു ഏകദിനം മാത്രമാണ് തോറ്റത്. ആഷസിൽ ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ 3-0ന് ആധിപത്യം പുലർത്തിയതിന്‍റെ പിൻബലത്തിലാണ് ഓസീസ് വനിതകളുടെ ലോകകപ്പിലേക്കുള്ള വരവ്.
2009 മുതൽ ലോകകപ്പിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം പുലർത്തുന്ന ലിസെ പെറി അടുത്തിടെ മികച്ച ഓൾറൗണ്ട് പ്രകടനത്തോടെ മികച്ച ഫോം തിരിച്ചുപിടിച്ചു. അലിസ ഹീലി, മെഗ് ലാനിംഗ്, പെറി, ബെത്ത് മൂണി എന്നിവർക്ക് മികച്ച അനുഭവ പരിചയമുണ്ട്, അതേസമയം ആഷ്‌ലീ ഗാർഡ്‌നർ, ജെസ് ജോനാസെൻ എന്നിവരെ പോലെയുള്ളവർ ബാറ്റിംഗ് യൂണിറ്റിന് കരുത്താണ്.
ഇന്ത്യ
കഴിഞ്ഞ എഡിഷനിലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യ ഒരു പടി മുന്നോട്ട് പോയി കിരീടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അവസാന ലോകകപ്പ് കളിക്കാനിരിക്കുന്ന ക്യാപ്റ്റൻ മിതാലിയും വെറ്ററൻ പേസർ ജുലൻ ഗോസ്വാമിയും കന്നി ലോക കിരീടം സ്വന്തമാക്കാനുള്ള ആകാംക്ഷയിലാണ്. സമീപകാല പരമ്പരകളിൽ റിച്ച ഘോഷ് തിളങ്ങിയത് പ്രതീക്ഷ നല്‍കുന്നു. സ്റ്റാർ ഓപ്പണർ സ്‌മൃതി മന്ദാനയും മികച്ച ഫോമിലാണ്.
ഇംഗ്ലണ്ട്
നിലവിലെ ചാമ്പ്യന്മാരും ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ ടീമുമായ ഇംഗ്ലണ്ട് തങ്ങളുടെ കിരീടം നിലനിർത്താനായി പോരാടും. അടുത്തിടെ നടന്ന ആഷസിൽ തകർന്നെങ്കിലും, വനിത ഏകദിനത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. കഴിഞ്ഞ എഡിഷനിൽ പ്ലെയർ ഓഫ് ദ ടൂർണമെന്‍റായ ടാമി ബ്യൂമോണ്ടാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന താരം.