മൗണ്ട് മോംഗനുയി :വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
ഇംഗ്ലണ്ടിന്‍റെ മറുപടി ബാറ്റിംഗില്‍ സ്‌കോർബോർഡിൽ നാല് റണ്‍സ് മാത്രം ഉള്ളപ്പോൾ ഓപ്പണര്‍മാര്‍ രണ്ടുപേരും മടങ്ങി. ഡാനിയേല വ്യാട്ടിനെ (1) മേഘ്‌ന സിംഗ്, സ്‌നേഹ് റാണയുടെ കൈകളിലെത്തിച്ചപ്പോള്‍ ടാമി ബ്യൂമോണ്ടിനെ (1) ജുലന്‍ ഗോസ്വാമി എല്‍ബിയില്‍ കുടുക്കി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും നാറ്റ് സ്‌കീവറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റി.
ALSO READ:Womens World Cup | ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച, മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ശക്‌തമായ നിലയിൽ
സ്‌കോര്‍ 69 ൽ നിൽക്കുമ്പോൾ 46 പന്തില്‍ 45 റണ്‍സെടുത്ത സ്‌കീവറെ പൂജ വസ്‌ത്രാകര്‍ പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഒരറ്റത്ത് ഹീതര്‍ നൈറ്റ് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് ജയത്തിലെത്തുമെന്നുറപ്പായി. പിന്നാലെ 10 റണ്‍സെടുത്ത എലന്‍ ജോണ്‍സും 17 റൺസെടുത്ത സോഫിയ ഡന്‍ക്ലിയയും പുറത്തായി. പിന്നാലെ വന്ന കാതറിന്‍ ബ്രണ്ട് റണ്ണെടുക്കാതെ മടങ്ങി.
അഞ്ച് റൺസെടുത്ത സോഫീ എക്കിള്‍സ്റ്റണെ കൂട്ടുപിടിച്ച് അർദ്ധ സെഞ്ച്വറിയോടെ ഹീതര്‍ നൈറ്റ് ഇംഗ്ലണ്ടിനെ നിർണായക മത്സരത്തിൽ ജയത്തിലെത്തിച്ചു. 72 പന്തിൽ എട്ട് ബൗണ്ടറികളടക്കമാണ് ഹീതര്‍ നൈറ്റ് 53 റൺസ് നേടിയത്.
കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാന 35 റൺസുമായി ടോപ് സ്‌കോററായപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 33 റൺസ് നേടി. 8.2 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി ഷാര്‍ലറ്റ് ഡീനാണ് ഇന്ത്യയെ തകര്‍ത്തത്. ആറ് ഓവറില്‍ 20 റണ്‍സിന് രണ്ട് പേരെ പുറത്താക്കി അന്ന ഷ്രുബ്‌സോളും തിളങ്ങി. സോഫീ എക്കിള്‍സ്റ്റണും കെയ്‌റ്റ് ക്രോസും ഓരോ വിക്കറ്റ് വീഴ്‌ത്തി.