ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ സെമി കാണാതെ പുറത്തായി. അവസാന ഓവറിലെ ആവേശപ്പോരിനൊടുവില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന്‍റെ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യയുടെ മടക്കം. അവസാന ഓവറിലെ അഞ്ചാം പന്തില്‍ നോബോള്‍ പിറന്നതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടംമറിച്ചത്.
സെമിയിലെത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച 275 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. സ്‌കോര്‍:ഇന്ത്യ-274/7 (50), ദക്ഷിണാഫ്രിക്ക-275/7 (50).
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ലിസ്‌ലീ ലീയെ ആറ് റണ്‍സില്‍ നഷ്‌ടമായെങ്കിലും സഹ ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം നല്‍കി. ലോറ 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്തു. ലാറ ഗുഡോണ്‍ 49 ഉം സുന്‍ ലസ് 22 ഉം മാരീസാന്‍ കാപ്പ് 32 ഉം റണ്‍സെടുത്ത് പുറത്തായി.
ദീപ്‌തി ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ഏഴ് റൺസുമായി ത്രിഷ റണ്ണൗട്ടായി. അടുത്ത രണ്ട് പന്തുകളില്‍ ഓരോ റണ്‍ വീതം നേടിയപ്പോൾ അഞ്ചാം പന്തിൽ കളിയുടെ ഗതി മാറി.
പ്രീസ് ഹര്‍മന്‍റെ ക്യാച്ചില്‍ പുറത്തായെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടിയ ദക്ഷിണാഫ്രിക്ക ജയം നേടി. മിഗ്‌നന്‍ ഡു പ്രീസിന്‍റെ അര്‍ധ സെഞ്ചുറി ദക്ഷിണാഫ്രിക്കക്ക് ജയം എളുപ്പമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 274 റണ്‍സെടുത്തു. സ്‌മൃതി മന്ദാന, ഷഫാലി വര്‍മ , മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ഷബ്‌നിം ഇസ്‌മായിൽ, മസാബത ക്‌ലാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ALSO READ:ഐപിഎല്ലില്‍ ഇന്ന് കനത്ത പോരാട്ടം ; മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തുടക്കമാണ് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സാണ് ഇരുവരും ഇന്ത്യയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്. റണ്ണൗട്ടിലൂടെ 46 പന്തില്‍ 53 റണ്‍സെടുത്ത ഷഫാലിയാണ് ആദ്യം പുറത്തായത്.
നാലാം വിക്കറ്റില്‍ സ്‌മൃതിക്കൊപ്പം ചേര്‍ന്ന മിതാലി ഇന്ത്യയെ 150 കടത്തി. 32-ാം ഓവറിന്‍റെ അവസാന പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായത്. 84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സെടുത്ത സ്‌മൃതിയാണ് തിരിച്ചുകയറിയത്. പിന്നാലെ 43-ാം ഓവറില്‍ 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടിയ മിതാലിയും പുറത്തായി.