കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 114 റണ്‍സിന്‍റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ന്യൂഡാലന്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്‍സാണ് നേടിയത്. മറപടിക്കിറങ്ങിയ പാക് വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ നഷ്‌ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഇതോടെ തായ്‌ലന്‍ഡ് വനിതകളുടെ പേരിലുണ്ടായിരുന്ന മോശം റെക്കോഡാണ് പാകിസ്ഥാന്‍റെ തലയിലായത്. 113 റണ്‍സിന് തോല്‍വി വഴങ്ങിയതായിരുന്നു തായ്‌ലന്‍ഡ് വനിതകളുടെ റെക്കോഡ്. 2020ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടായിരുന്നു സംഘത്തിന്‍റെ തോല്‍വി. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ 102 റണ്‍സിന് തോല്‍വി വഴങ്ങിയ ശ്രീലങ്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.
പാക് പടയ്‌ക്ക് അഞ്ച് റണ്‍സ് പിഴ:മത്സരത്തിനിടെ പാകിസ്ഥാന് അഞ്ച് റണ്‍സ് പിഴ ലഭിച്ചൊരു സംഭവവും ഉണ്ടായി. വിക്കറ്റ് കീപ്പര്‍ സിദ്ര നവാസിന് സംഭവിച്ച ശ്രദ്ധക്കുറവാണ് പാകിസ്ഥാന് വിനയായത്. പാക് ടീമിന് ഈ പിഴ ലഭിച്ചിരുന്നില്ലെങ്കില്‍ വമ്പന്‍ തോല്‍വിയുടെ മോശം റെക്കോഡ് ഒരു പക്ഷെ തായ്‌ലന്‍ഡ് വനിതകളുടെ തലയില്‍ തന്നെയിരുന്നേനെ.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 15-ാം ഓവറിലാണ് സംഭവം നടന്നത്. പേസര്‍ ഫാത്തിമ സന എറിഞ്ഞ പന്തില്‍ സ്‌കൂപ്പ് ഷോട്ടാണ് ഇംഗ്ലീഷ് ബാറ്റര്‍ നതാലി സ്‌കിവര്‍ കളിച്ചത്. ബൗണ്ടറിക്കരികിലേക്ക് പോയ പന്തില്‍ രണ്ട് റണ്‍സാണ് ഇംഗ്ലീഷ് താരങ്ങള്‍ ഓടിയെടുത്തത്.