കേപ്പ്ടൗണ്‍:ഐസിസി വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനാണ് ലങ്കന്‍ വനിതകള്‍ വിജയക്കൊടി പാറിച്ചത്. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ ലങ്ക വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 50 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍ഷിത സമരവിക്രമയുടെ പ്രകടനമാണ് ശ്രീലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ നിഗര്‍ സുല്‍ത്താന ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ആദ്യ ഓവറില്‍ 8 റണ്‍സ് അടിച്ചെടുത്തെങ്കിലും രണ്ടാം ഓവറില്‍ ബംഗ്ലാദേശിന് മത്സരത്തിലെ ആദ്യ പ്രഹരമേല്‍ക്കേണ്ടി വന്നു. റണ്‍സൊന്നുമെടുക്കാതെ മുര്‍ഷിത ഖാതുന്‍ റണ്‍ഔട്ടായി.
രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷമിമ സുല്‍ത്താനയും ശോഭന മോസ്റ്ററിയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. അഞ്ചാം ഓവറില്‍ സുല്‍ത്താന 20 റണ്‍സുമായി മടങ്ങി. പിന്നാലെ ക്രീസിലൊരുമിച്ച മോസ്റ്ററിയും നായിക നിഗര്‍ സുല്‍ത്താനയും (28) ചേര്‍ന്നാണ് ബംഗ്ല സ്‌കോര്‍ ചലിപ്പിച്ചത്.
പത്താം ഓവറില്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെ ശോഭന മോസ്റ്ററി (29) പുറത്തായി. തുടര്‍ന്ന് ശ്രദ്ധയോടെ ബാറ്റ് ചെയ്‌തിരുന്ന നിഗര്‍ സുല്‍ത്താനയേയും ലങ്കന്‍ ബോളര്‍മാര്‍ തിരികെ പവലിയനിലെത്തിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്കാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
ലത മോണ്ടല്‍ (11), ഷോര്‍ന അക്തര്‍ (5), റിതു മോനി (2), നാഹിദ അക്തര്‍ (8) എന്നിവരെ ലങ്കന്‍ ബോളര്‍മാര്‍ പിടിച്ചുകെട്ടി. 9 റണ്‍സുമായി സല്‍മ ഖാതുനും ഒരു റണ്‍ നേടി ജഹനാര അലാമും പുറത്താകാതെ നിന്നതോടെ ബംഗ്ല സ്‌കോര്‍ 8 ന് 126ല്‍ അവസാനിച്ചു. ടി20 ലോകകപ്പ് ചരിത്രത്തില്‍ ബംഗ്ലാദേശിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായിരുന്നു ഇത്.
ശ്രീലങ്കയ്‌ക്കായി ഓഷാദി രണസിംഗെ മൂന്നും നായിക ചമാരി അത്തപ്പത്തു രണ്ടും വിക്കറ്റ് വീഴ്‌ത്തി. ഇനോക രണവീരയും മത്സരത്തില്‍ ഒരു വിക്കറ്റ് നേടി.
കോട്ടകെട്ടി നിലാക്ഷി, തിരിച്ചടിച്ച് ഹര്‍ഷിത: മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട രീതിയില്‍ തന്നെ തുടങ്ങാന്‍ ലങ്കയ്‌ക്കായി. എന്നാല്‍ നാലാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 17 ല്‍ നില്‍ക്കെ 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ മറുഫ അക്തര്‍ മടക്കി. പിന്നാലെ ക്രീസിലെത്തിയ വിംശി ഗുണരത്ന (1) അനുഷ്‌ക സഞ്ജീവനി (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി യുവതാരം മറുഫ അക്തര്‍ ലങ്കയെ പ്രതിരോധത്തിലാക്കി.
Also Read:വനിത ടി20 ലോകകപ്പ്: വെടിക്കെട്ടുമായി ജെമീമ, പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം
എന്നാല്‍ നാലാം വിക്കറ്റില്‍ ഹര്‍ഷിതയ്‌ക്കൊപ്പം നിലാക്ഷി ഡി സില്‍വ ഒന്നിച്ചതോടെ ലങ്കയുടെ കളിയും മാറി. ക്രീസില്‍ നിലയുറപ്പിച്ച ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി റണ്‍സ് കണ്ടെത്തി. ഹര്‍ഷിതയും നിലാക്ഷിയും താളം കണ്ടെത്തിയതോടെ ബംഗ്ല ബോളര്‍മാര്‍ക്ക് പിന്നീട് മത്സരത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല.
നാലാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇരുവരും ചേര്‍ന്ന് ശ്രീലങ്കയ്‌ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. 50 പന്തില്‍ ഹര്‍ഷിത 69 റണ്‍സ് നേടിയപ്പോള്‍ മറുവശത്ത് നിലാക്ഷി 38 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എ യില്‍ ഓസ്‌ട്രേലിയയെ മറികടന്ന് ലങ്ക പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി.