കേപ്‌ടൗണ്‍:ഐസിസി വനിത ടി20 ലോക രാജ്ഞികളെ ഇന്ന് അറിയാം. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. ന്യൂലന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.
വിജയഗാഥ തുടരാന്‍ ഓസ്‌ട്രേലിയ:വനിത ടി20 ലോകകപ്പിന്‍റെ എട്ടാം പതിപ്പില്‍ ഓസ്‌ട്രേലിയക്ക് ഇത് തുടര്‍ച്ചയായ ഏഴാമത്തെ ഫൈനലാണ്. ഇതില്‍ അഞ്ച് പ്രാവശ്യവും കങ്കാരുപ്പട കിരീടവുമായാണ് മടങ്ങിയത്. 2016 ലായിരുന്നു ടീമിന് കിരീടം നേടാന്‍ സാധിക്കാതെ പോയത്.
അന്ന് വെസ്റ്റ് ഇന്‍ഡീസാണ് തുടര്‍ച്ചയായ നാലാം കിരീടമോഹവുമായെത്തിയ ഓസ്‌ട്രേലിയയെ ഫൈനലില്‍ മുട്ടുകുത്തിച്ചത്. ഇത്തവണ വീണ്ടുമൊരു ഹാട്രിക് കിരീടമാണ് കങ്കാരുപ്പടയുടെ ലക്ഷ്യം. ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ തന്നെ അതിന് വേണ്ട പ്രകടനവും അവര്‍ പുറത്തെടുക്കുന്നുണ്ട്.
ഈ ലോകകപ്പില്‍ ഇതുവരെ ഒരു തോല്‍വിയുമറിയാതെയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തിയത്. ഗ്രൂപ്പ് എയിലെ നാല് മത്സരങ്ങളും ജയിച്ച ടീം സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് കലാശക്കളിക്ക് ടിക്കറ്റ് എടുത്തത്. സെമിയില്‍ അഞ്ച് റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസവും ഇന്ന് ഓസ്‌ട്രേലിയക്കുണ്ട്. അലീസ ഹീലി, ബെത്ത് മൂണി, ക്യാപ്‌റ്റന്‍ മെഗ് ലാനിങ് എന്നിവരുടെ ബാറ്റിലാണ് ഫൈനലിലും ഓസീസ് പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം, ആഷ്‌ലി ഗാര്‍ഡ്‌നര്‍, എല്ലിസ് പെറി എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ടീമിന് കരുത്ത് പകരുന്നതാണ്. ബോളിങ്ങില്‍ പേസര്‍ മേഗന്‍ ഷൂട്ടും മികവിലേക്കുയര്‍ന്നാല്‍ കലാശപ്പോരാട്ടത്തില്‍ ആതിഥേയര്‍ക്ക് അല്‍പം വിയര്‍ക്കേണ്ടി വരും.
ചരിത്രം കുറിക്കാന്‍ ദക്ഷിണാഫ്രിക്ക:മറുവശത്ത് ദക്ഷിണാഫ്രിക്കന്‍ വനിത ടീം ടി20 ലോകകപ്പിലെ ആദ്യ ഫൈനല്‍ കളിക്കാനാണ് ഇന്നിറങ്ങുന്നത്. സ്വന്തം നാട്ടില്‍ നടന്ന ലോകപോരാട്ടത്തില്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ആതിഥേയര്‍ക്ക് ലഭിച്ചത്. ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോറ്റു.
രണ്ട് ജയം നേടി ഗ്രൂപ്പില്‍ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടന്നു. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു പ്രോട്ടീസ് ജയം പിടിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്ക ടീമുകളോടാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഫൈനലിന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനാകുന്നു എന്നതിന്‍റെ ആനുകൂല്യം ദക്ഷിണാഫ്രിക്കയ്‌ക്കുണ്ട്. ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ലോഹ വെഹ്‌വാര്‍ദ്, ടസ്‌മിന്‍ ബ്രിറ്റ്‌സ് എന്നിവരുടെ ഫോമാണ് ടീമിന്‍റെ പ്രതീക്ഷ. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഏഴ് വിക്കറ്റ് നേടിയ മരീസന്‍ ക്യാപ്, അയബോങ ഖാക്ക എന്നിവരിലാണ് ബോളിങ്ങില്‍ ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്
തത്സമയം കാണാം: ഐസിസി വനിത ടി20 ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനില്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ മത്സരം സ്‌ട്രീം ചെയ്യാന്‍ സാധിക്കും.